ഡല്‍ഹി: ഡല്‍ഹി കലാപം സംബന്ധിച്ച കേസില്‍ വിധി പറഞ്ഞ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ അസ്വാഭാവികതല്ലെന്ന പ്രസ്താവനയുമായി കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഈ മാസം 12-ന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തതു പ്രകാരമാണ് ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത് എന്നാണ് വിശദീകരണം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേയുടെ അധ്യക്ഷതയിലുള്ള കൊളീജിയമാണ് തീരുമാനമെടുത്തത്. ഇതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ പ്രതികരിച്ചു.
ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയതിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നിയമകാര്യ മന്ത്രിയുടെ പ്രതികരണം. ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റം ജസ്റ്റിസ് ലോയയെ ഓര്‍മ്മിപ്പിക്കുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.സ്ഥലം മാറ്റത്തെ വിമര്‍ശിച്ചു കൊണ്ട് എഐസിസി സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഈ വിമര്‍ശനങ്ങളോട് മന്ത്രി രവിശങ്കര്‍ പ്രസാദ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
ലോയ കേസ് സുപ്രീം കോടതി തീര്പ്പക്കിയതാണ്. അതിനെ മാനിക്കാത്ത രാഹുല്‍ കോടതിക്കും മുകളിലാണോ എന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. സ്ഥലം മാറ്റത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. ജുഡീഷ്യറിയോടുള്ള അനാദരവാണ് അവര്‍ വീണ്ടും പ്രകടമാക്കിയിരിക്കുന്നത്. രാജ്യം വിലമതിക്കുന്ന സ്ഥാപനങ്ങളെ കോണ്‍ഗ്രസ്സ് നിരന്തരം അവമതിക്കുകയാണെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ച വര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഇന്നലെ കേസില്‍ വിധി പറഞ്ഞ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധര്‍ ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടു പിറകെയാണ് അദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്.രാത്രിയോടെ തിരക്കുപിടിച്ചെടുത്ത തീരുമാനം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ട്വിറ്ററിലൂടെ രംഗത്തെത്തിയത്.