LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിദ്ദിക്ക് കാപ്പന്റെ മോചന ​ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും

യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മാധ്യമപ്രവർത്തകനായ സിദ്ദിക്ക് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ നൽകിയ ഹേബിയസ് കോർപ്പസ് സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. ഹത്രാസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സിദ്ദിക്ക് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 42 ദിവസമായി യുപിയിൽ റിമാൻഡിലാണ് സിദ്ദിക്ക്. കേരള പത്ര പ്രവർത്തക യൂണിയൻ നേതാക്കളെയും, കുടുംബാം​ഗങ്ങളെയും അഭിഭാഷകനെയും കാണാൻ അവസരം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദിഖ് കാപ്പനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചാണ് ഹർജി പരി​ഗണിക്കുക. ഉച്ചക്ക് 12 മണിക്ക് ഹർജി സുപ്രീം കോടതി പരി​ഗണിക്കും. 

നേരത്തെ സിദ്ദിക്ക് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ നൽകിയ ഹർജി സുപ്രീം കോടതി മാറ്റിവെച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹർജി ഭേദ​ഗതി സമർപ്പിക്കാമെന്ന് നിർദ്ദേശിച്ചിരുന്നു. സിദ്ദിക്ക് കാപ്പന് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ സിദ്ദിക്ക് കാപ്പനെ കാണാൻ അഭിഭാഷകനെ അനുവദിച്ചില്ല. ഇക്കാര്യവും സിദ്ദിക്ക് കാപ്പന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിക്കും.

Contact the author

Web Desk