മലങ്കരസഭാ തര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തിന്‍റെ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. സര്‍ക്കാര്‍ ഏറ്റെടുത്ത 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ ഇന്ന് റിലേ സത്യാഗ്രഹ സമരം ആരംഭിക്കും. ഓർത്തഡോക്സ് സഭയുമായി യോജിപ്പ് ചർച്ചകൾക്ക് ഇല്ലെന്ന് യാക്കോബായ സഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നിർത്തി വച്ചിരുന്ന സമരപരിപാടികൾ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
ഇന്നു മുതൽ ഏറ്റെടുത്ത 52 പള്ളികൾക്ക് മുൻപിലടക്കം അനിശ്ചിതകാലം സമരം ആരംഭിക്കും. സംസ്ഥാനത്തുടനീളം അവകാശ സംരക്ഷണ റാലി സംഘടിപ്പിക്കും. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്താനും യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം പിന്‍മാറിയതിന് പിന്നാലെയാണ് യാക്കോബായ സഭ നിലപാട് കടുപ്പിച്ചത്.
സഭാ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് യാക്കോബായ സുറിയാനി സഭയുടെ കഴിഞ്ഞ എപ്പിസ്കോപ്പൽ സൂനഹദോസ് തീരുമാനിച്ചിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി സൂനഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്തയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പള്ളികള്‍ക്ക് മുന്നിലെ സമരത്തോടൊപ്പം തന്നെ സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സമരം നടത്താന്‍ സഭാനേതൃത്വം തീരുമാനിച്ചിട്ടുണ്ട്.