ന്യൂഡല്‍ഹി: ചത്തീസ്ഗണ്ഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. സിആര്‍പിഎഫ് അസി.കമാന്‍ഡര്‍ നിതിന്‍ ഭാലേറാവു ആണ് വീരമൃത്യു വരിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗണ്ഡിലെ സുക്മാ ജില്ലയിലാണ് മാവോയിസ്റ്റുകളും സിആര്‍പിഎഫ് ജവാന്മാരുമായി ഏറ്റുമുട്ടലുണ്ടായത്.
റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുളള ചിന്താല്‍നര്‍ വനത്തിനു സമീപം അറബ്രാജ് മെറ്റ ഹില്‍സിലാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. ശനിയാഴ്ച്ച രാത്രി എട്ടരയോടുകൂടിയായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ എല്ലാ ഉദ്യോഗസ്ഥന്മാരും 206 കോബ്രാ (കമാന്‍ഡോ ബറ്റാലിയന് ഫോര്‍ റിസല്യൂട്ട് ആക്ഷന്‍)യില്‍ ഉള്‍പ്പെട്ടവരാണ്.
മാവോയിസ്റ്റുകള്‍ക്കെതിരെ ഒരു സ്പെഷല്‍ ഓപ്പറേഷന് നടത്തുന്നതിനുവേണ്ടിയാണ് സിആര്‍പിഎഫിന്റെയും ചത്തീസ്ഗണ്ഡ് പോലീസിന്റെയും സംയുക്ത സംഘം ചിന്താല്‍നര്‍ വനമേഖലയിലെത്തിയത്. ഓപ്പറേഷനു തയാറാകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ വിദഗ്ദ ചികിത്സ നല്‍കുന്നതിനായി റായ്പൂരിലെ ആശുപത്രിയിലെത്തിച്ചു.