ബെംഗളൂരു കലാപക്കേസിൽ കോൺഗ്രസ് നേതാവും കോർപ്പറേഷൻ മുൻകൗൺസിലറുമായ റാകിബ് സക്കീറിനെ അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതിയായ റാക്കിബ് സക്കീറിനെ ബെംഗളൂരു പോലീസിന്റെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത വിവരം ജോയിന്റ് ക്രൈം കമ്മീഷണർ സന്ദീപ് പാട്ടീലാണ് അറിയിച്ചത്. കലാപത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നെന്ന് ജോയിന്റ് കമ്മീഷണർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റുമായി ബന്ധപ്പട്ട് ആഗസ്റ്റ് 11 നാണ് ബംഗളൂരു നഗരത്തിൽ കലാപം അരങ്ങേറിയത്. കോൺഗ്രസ് നിയമസഭാംഗമായ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് ആക്രമിക്കപ്പെട്ടു. അറുപതിലധികം വാഹനങ്ങളും ബെംഗളൂരുവിലെ ഡിജെ ഹല്ലി, കെജി ഹാലി പോലീസ് സ്റ്റേഷനുകളും കത്തിച്ചു. പോലീസ് വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. അക്രമത്തിൽ 60 പോലീസുകാർക്ക് പരിക്കേറ്റു. അക്രമ സംഭവങ്ങളിൽ 400 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് കലാപത്തിന്റെ പ്രധാന കാരണമെന്ന് എഫ്ഐആറിൽ സൂചിപ്പിച്ചിട്ടുണ്ട്. യുഎപിഎ വകുപ്പ് ചുമത്തി കേസ് ദേശീയ അന്വേഷണ ഏജൻസി സെപ്റ്റംബറിൽ ഏറ്റെടുത്തിരുന്നു.