കോൺഗ്രസുമായി കൈകോർത്തതും സഖ്യ സർക്കാർ രൂപീകരിച്ചതും ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് 12 ജെഡി (എസ്) നേതാവ് എച്ച്ഡി കുമാരസ്വാമി. ബിജെപി പോലും തങ്ങളെ ഇങ്ങനെ ഒറ്റിക്കൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ ഗൂഡാലോചനയില്‍ തങ്ങള്‍ വീണുപോയി എന്നും പറഞ്ഞു. കുമാരസ്വാമി നുണ പറയുന്നതിൽ വിദഗ്ധനാണെന്നും മുതലക്കണ്ണീര് ഒഴുക്കുകയെന്നത് അവരുടെ കുടുംബമഹിമയാണ് എന്നുമായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
'മുഖ്യമന്ത്രിയായിരുന്ന 2006-07 കാലത്ത് സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയും, ബിജെപിക്ക് അധികാരം കൈമാറാതെ 12 വര്‍ഷം പിടിച്ചു നിന്ന് നേടിയ സല്‍പ്പേരുമാണ് കൈമോശം വന്നത്. എനിക്കെതിരെ കൊടികുത്തിയ പ്രചാരണങ്ങള്‍ നടന്നിട്ടുപോലും ജനങ്ങളുടെ പിന്തുണയാര്‍ജിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കോൺഗ്രസുമായി കൈകോർത്തതോടെ എല്ലാം നശിപ്പിക്കപ്പെട്ടു' -കുമാരസ്വാമി പറഞ്ഞു.
ബിജെപിയുടെ 'ബി ടീം' എന്ന് വിളിച്ച് തങ്ങളെ എക്കാലവും അധിക്ഷേപിച്ചുകൊണ്ടിരുന്ന കോൺഗ്രസുമായി കൈകോർക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി അദ്ധ്യക്ഷനും പിതാവുമായ എച്ച്.ഡി. ദേവേഗൗഡയുടെ നിർബന്ധത്തിനു വഴങ്ങിയാണ് കോണ്‍ഗ്രസുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിച്ചതെന്നും കുമാരസ്വാമി വ്യക്തമാക്കി.