ഡല്‍ഹി: അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ഉന്നയിക്കാൻ അനുമതി നിഷേധിച്ചതിന്റെ പേരിൽ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി യോഗത്തിൽ നിന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ഇറങ്ങിപ്പോയി. ഗൗരവകരമായ കാര്യങ്ങളിൽ ചർച്ചയുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് 3 കോൺഗ്രസ് എംപിമാർ ഇറങ്ങിപ്പോയത്.
'ദേശസുരക്ഷയെ സംബന്ധിച്ച നിർണായക വിഷയങ്ങൾക്ക് പകരം സായുധ സേനയുടെ യൂണിഫോമിനെക്കുറിച്ച് ചർച്ച ചെയ്ത് പാനൽ സമയം കളയുകയാണെന്ന്' കോണ്‍ഗ്രസ് ആരോപിക്കുന്നു. ചൈനയുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയം, ലഡാക്കിലെ സൈനികർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ഉന്നയിക്കാനായിരുന്നു രാഹുൽ എത്തിയത്. എന്നാൽ പാനല്‍ ചെയര്‍മാനും ബിജെപി നേതാവുമായ ജുവൽ ഓറം രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല.
അജൻഡയ്ക്കു പുറത്തുള്ള വിഷയം ചർച്ചയ്ക്കെടുക്കാനാവില്ലെന്നായിരുന്നു അതിന് ജുവൽ ഓറം നല്‍കിയ ന്യായീകരണം. അതോടെ, രാഹുലും കോൺഗ്രസ് എംപിമാരായ രാജീവ് സതവ്, രേവന്ത് റെഡ്ഡി എന്നിവരും ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിരോധ വകുപ്പ് മേധാവി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.