LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുല്ലപ്പള്ളിയെ പുകച്ചുപുറത്തുചാടിക്കാന്‍ യുഡിഎഫ് ഒത്താശയോടെ കോണ്‍ഗ്രസ് ശ്രമം - നാടുകാണി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തല്‍സ്ഥാനത്തുനിന്ന് പുകച്ചുപുറത്തുചാടിക്കാന്‍ യുഡിഎഫിലാകെ കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നത്. ദുര്‍ബ്ബലമായ ഈ അവസ്ഥയില്‍ കോണ്‍ഗ്രസ്സിനെക്കൊണ്ട് മാത്രം കൂട്ടിയാല്‍ കൂടില്ല എന്ന ധാരണയില്‍ ലീഗും ആര്‍എസ് പിയും കോണ്‍ഗ്രസ് നേതാക്കന്മാരായ കെ മുരളീധരനും കെ സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനുമടക്കമുള്ളവര്‍ കൂട്ടായി നടത്തുന്ന ശ്രമത്തിനാണ് കഴിഞ്ഞ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക് എതിരായ നേതാക്കന്മാരുടെ ഒളിയമ്പുകള്‍ പോലും മുല്ലപ്പള്ളിയടക്കം നേതൃത്വത്തിലുള്ള ജനസ്വാധീനമില്ലാത്ത നേതാക്കന്മാരെ മാറ്റാന്‍ അദ്ദേഹത്തിന്‍റെ കൂടി പിന്തുണ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് എന്നത് അദ്ദേഹത്തിനു കൂടി അറിയാവുന്ന പരസ്യമായ രഹസ്യമാണ്. കെ കരുണാകരന്റെ തണലില്‍ പല തവണ കേന്ദ്ര സഹ മന്ത്രിയായിരുന്നിട്ടുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലെ ഗ്രൂപ്പുകള്‍ക്ക് വലിയ താത്പര്യമില്ലാത്ത നേതാവാണ്‌. വി എം സുധീരനെപ്പോലെ കേന്ദ്ര നേതൃത്വത്തിന്റെ ഒരു കൈപിഴവായിട്ടാണ് മുല്ലപ്പള്ളിയുടെ സ്ഥാനാരോഹണത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ കാണുന്നത്.

രമേശ് ചെന്നിത്തലയെപ്പോലെ എന്‍എസ്എസിന്റെയും ഐ ഗ്രൂപ്പിന്റെയും ശക്തമായ പിന്തുണയുള്ള ഒരു  നേതാവിനെ, എന്തൊക്കെ കുഴപ്പമുണ്ടെങ്കിലും തലസ്ഥാനത്തുനിന്ന് മാറ്റുക എന്നത് എളുപ്പമല്ല. ഇക്കാര്യം കെ മുരളീധരന്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ളവര്‍ക്ക് അറിയാം. മാത്രമല്ല അഞ്ചു വര്‍ഷം മുഷിഞ്ഞ്‌ പ്രതിപക്ഷ നേതാവിന്റെ പണിയെടുത്ത ചെന്നിത്തലയെ തല്‍സ്ഥാനത്തു നിന്ന് ഇറക്കിവിട്ടാല്‍ ഗ്രൂപ്പു വ്യത്യാസമില്ലാതെ പ്രവര്‍ത്തകര്‍ ഒന്നടങ്കം അതിനെ വലിയ നന്ദികേടായി കാണും എന്ന വിലയിരുത്തലും പ്രബലമാണ്. അതുകൊണ്ട് മേജര്‍ സര്‍ജറി വേണ്ടിവരും എന്ന മുരളിയുടെ പ്രസ്താവനയുടെ മുന എങ്ങോട്ടാണ് എന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ കോഴിക്കോട്ടും കണ്ണൂരും വന്ന ഫ്ലക്സുകള്‍ ആവശ്യപ്പെടുന്നത് മുരളിയെയും സുധാകരനെയും വിളിക്കൂ, കോണ്‍ഗ്രസ്സിനെ രക്ഷിക്കൂവെന്നാണ്. ലക്‌ഷ്യം പാര്‍ട്ടിയുടെ നേതൃസ്ഥാനമാണ് എന്ന് ബോര്‍ഡുകളില്‍ നിന്ന് വ്യക്തമാണ്. ഏതായാലും ഇവര്‍ തമ്മിലുള്ള മത്സരത്തില്‍ മുരളീധരന്‍ പൊതുവില്‍ പരിഗണിക്കപ്പെടും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കാന്‍ കഴിയില്ല എന്നതും എംപിയായ മുരളീധരന് തുണയാകും. 

ഏറ്റവും പ്രധാനപ്പെട്ട വസ്തുത പ്രവര്‍ത്തകരെ ചലിപ്പിക്കാനും നേതൃപദവിയില്‍ നിഷ്പക്ഷത പുലര്‍ത്താനും കെ മുരളീധരന് കഴിയും എന്ന ധാരണയാണ്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയ നേതാവുകൂടിയാണ് കെ മുരളീധരന്‍. കേന്ദ്ര നേതൃത്വത്തില്‍ കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പിന്തുണ ഉറപ്പുവരുത്താന്‍ ഇക്കാരണത്താല്‍ എ കെ ആന്റണിക്ക് കഴിയും. അടുത്ത തെരെഞ്ഞെടുപ്പില്‍ ഭരണം കിട്ടുക എന്നത് ജീവന്മരണ പോരാട്ടമായതിനാലും മുല്ലപ്പള്ളിയെ മാറ്റേണ്ടത് അത്രമേല്‍ അനിവാര്യമായതിനാലും  ചെന്നിത്തല ഈ നീക്കത്തെ എതിര്‍ക്കാന്‍ നില്‍ക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്.

ഇതിനൊക്കെ പുറമെയാണ് ഘടക കക്ഷികളുടെ പിന്തുണ. വെല്‍ഫയര്‍ പാര്ട്ടിയുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യത്തെ മുന്‍നിര്‍ത്തി ലീഗിനെതിരെ പരോക്ഷമായും പ്രത്യക്ഷമായും കോണ്‍ഗ്രസ് നേതാക്കന്മാര്‍ പലരും രംഗത്തുവന്നപ്പോഴും അക്കാര്യത്തില്‍ ശക്തമായ പിന്തുണ നല്‍കിയത് മുരളിയായിരുന്നു. ഇതിനൊക്കെ പുറമെ മുരളിയുടെ മലബാര്‍ ബന്ധവും ഡയനമിക് ആയ നേതാവാണ്‌ എന്ന ലീഗിന്റെ അഭിപ്രായവും അദ്ദേഹത്തിനു തുണയാകും. ഇക്കാരണങ്ങളാല്‍ തന്നെയാണ് കെപിസിസി  പ്രസിഡന്റു സ്ഥാനത്തുനിന്ന് മുല്ലപ്പള്ളിയെ മാറ്റണമെന്ന പരസ്യ പ്രസ്താവനയുമായി ലീഗ് നേതൃത്വം രംഗത്തുവന്നത്. ഇതേ ആവശ്യം ആര്‍എസ്പി യുടെ ഷിബു ബേബി ജോണും പങ്കുവെച്ചിട്ടുണ്ട്. തൊട്ടു പിറകെയാണ് ഇന്ന് ''പാര്‍ട്ടി നല്‍കുന്ന ഇതു സ്ഥാനവും സ്വീകരിക്കാന്‍ താന്‍ തയാറാണ്'' എന്ന പ്രസ്താവനയുമായി കെ മുരളീധരന്‍ രംഗത്തുവന്നിരിക്കുന്നത്.

ചുരുക്കത്തില്‍ ഏറ്റവും ദുര്‍ബ്ബലമായ ഈ അവസ്ഥയില്‍ മുല്ലപ്പള്ളിയെ മാറ്റാനും തലസ്ഥാനത്ത് കെ മുരളീധരനെ ഇരുത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനെ സഹായിക്കുക എന്ന ദൌത്യമാണ് ഇപ്പോള്‍ യുഡിഎഫ് നേതൃത്വം ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് എന്ന് വിലയിരുത്തിയാല്‍ അതിശയോക്തിയാവില്ല. 

Contact the author

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More