പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസില്‍ സിബിഐ അന്വേഷിക്കുന്നയാളുമായ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേസ്. ഒരു മില്യൺ ഡോളർ വിലമതിക്കുന്ന വജ്ര തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
ക്രെഡിറ്റ് നിബന്ധനകൾക്കും മറ്റുമായി 2.6 മില്യൺ ഡോളറിലധികം വിലവരുന്ന രത്‌നങ്ങൾ എൽഎൽഡി ഡയമണ്ട്‌സ് യുഎസ്എയിൽ നേഹല്‍ മോദി നേടിയിരുന്നു. എന്നാൽ, ഇത് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ജില്ലാ അറ്റോർണി സി വാൻസ് ജൂനിയർ ഡിസംബർ 18 ന് മാൻഹട്ടൻ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
2015 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുളള സമയത്താണ് തട്ടിപ്പ് നടന്നത്. ന്യൂയോർക്ക് സുപ്രീംകോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡയമണ്ട് വ്യവസായവുമായി ഏറെ ബന്ധമുളള കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് ഉൾപ്പെടെ കമ്പനിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു നെഹലിന്റെ തട്ടിപ്പ്. ഡയമണ്ട് രംഗത്തെ വ്യവസായികൾ വഴിയാണ് എൽഎൽഡി ഡയമണ്ട്‌സ് പ്രസിഡന്റിനെ നെഹൽ പരിചയപ്പെട്ടതും. ബെല്‍ജിയം വ്യാപാരിയായ നേഹല്‍ മോദിയും പിഎന്‍ബി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷിക്കുന്ന പ്രതിയാണ്.