തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് കമലഹാസന്റെ അഭിനന്ദനം. തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് ആര്യാ രാജേന്ദ്രന് അഭിനന്ദനം എന്ന് കമൽ ഫേസ്ബുക്കിൽ കുറിച്ചു. മാറ്റത്തിന് തമിഴ്നാടും തയ്യാറെടുക്കുകയാണെന്നും കമൽ ഫേസ്ബുക്കില്‍ എഴുതി. കുറിപ്പിന് ഒപ്പം ആര്യാ രാജേന്ദ്രന്റെ ചിത്രവും കമൽഹാസൻ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ ദേശീയ തലത്തിൽ തന്നെ ആര്യ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ആര്യയെ കമൽ അഭിനന്ദിച്ചത്.
100 അംഗ കൗൺസിലിൽ 54 വോട്ടുകൾ നേടിയാണ് സിപിഎം കൗൺസിലറായ ആര്യ രാജേന്ദ്രൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 99 അംഗങ്ങളാണ് വോട്ട് ചെയ്തത്. 1 വോട്ട് അസാധുവായി. എൻഡിഎ സ്ഥാനാർത്ഥി സിമി ജ്യോതിഷിന് 35 വോട്ടുകൾ ലഭിച്ചു. യുഡിഎഫിലെ മേരി പുഷ്പത്തിന് 9 വോട്ടുകളും ലഭിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഡെപ്യൂട്ടി മേയറായി സിപിഐയിലെ പികെ രാജു തെരഞ്ഞെടുക്കപ്പെട്ടു. 55 വോട്ടുകൾ നേടിയാണ് രാജു ഡെപ്യൂട്ടി മേയറായത്. ബിജെപി സ്ഥാനാർത്ഥിക്ക് 34 വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ ഒരു വോട്ട് അസാധുവായി.