കാണ്‍പൂര്‍: അധോലോക ഭീകരന്‍ ചോട്ടാ രാജന്റെയും മുന്നാ ബജ്രംഗിയുടെയും സ്റ്റാംപുകള്‍ പുറത്തിറക്കിയ സംഭവത്തിന്‍ അന്വേഷണത്തിന് ഉത്തരവിട്ട് കാണ്‍പൂര്‍ തപാല്‍ വകുപ്പ്. 5 രൂപ വിലയുളള സ്റ്റാംപ് ആവശ്യപ്പെട്ട് അജ്ഞാതനായ ഒരാള്‍ 600 രൂപ അടച്ചിരുന്നു, തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടാതെ നഗരത്തിലെ പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ സ്റ്റാംപുകള്‍ അച്ചടിച്ചു നല്കുകയായിരുന്നുവെന്നുവെന്ന് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ വികെ വര്‍മ്മ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് തപാല്‍ വകുപ്പ് ആരംഭിച്ച പദ്ധതിയായിരുന്നു മൈ സ്റ്റാംപ്. മൈ സ്റ്റാംപ് പദ്ധതിയ്ക്കു കീഴില്‍ മുന്നൂറ് രൂപ അടയ്ക്കുന്ന ആര്‍ക്കും അവരവരുടെ ഇഷ്ടപ്രകാരം സ്വന്തം ഫോട്ടോകളോ കുടുംബാംഗങ്ങളുടെ ഫോട്ടോകളോ ഉപയോഗിച്ചുളള സ്റ്റാംപുകള്‍ അച്ചടിച്ച് നല്‍കും. ഇതിന്റെ ഭാഗമായി ഇരുവരുടെയും പന്ത്രണ്ട് സ്റ്റാംപുകള്‍ വീതം അച്ചടിച്ചതായി കണ്ടെത്തി. മൈ സ്റ്റാംപ് ഡെസ്‌ക് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ അശ്രദ്ധ മൂലമാണ് സ്റ്റാംപുകള്‍ ആവശ്യപ്പെട്ട വ്യക്തിയെ തിരിച്ചറിയാനാവാത്തതെന്നും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും വികെ വര്‍മ്മ പറഞ്ഞു.
പ്രദമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ചുമതലയുളള രജനീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാംപുകള്‍ അച്ചടിക്കാനാവശ്യപ്പെട്ടയാള്‍ക്കായുളള അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനായി കര്‍ശന നടപടികളെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോട്ടാ രാജന്‍ നിലവില്‍ മുംബൈയിലെ ജയിലിലാണ്. മുന്നാ ബജ്രംഗിയെ യുപിയിലെ ജയിലില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു.