കോഴിക്കോട്: വാസ്ഗോഡ ഗാമയുടെ വരവുകൊണ്ട് ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കാപ്പാട് കടപ്പുറം ലോകത്തിലെ ഏറ്റവും വൃത്തിയും ഭൌമശാസ്ത്ര പ്രത്യേകതയുമുള്ള കടപ്പുറങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇതുമായി ബന്ധപ്പെട്ട രാജ്യത്ത് ഈ വര്‍ഷം ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച എട്ട് ബീച്ചുകളുടെ കൂട്ടത്തിലേക്ക് ഉയര്‍ന്നു കാപ്പാട്. ഉയര്‍ന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്കു നല്‍കുന്ന ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷനാണ് കോഴിക്കോട് കാപ്പാട് ബീച്ചിനു ലഭിച്ചത്. ഡെന്‍മാര്‍ക്കിലെ ഫൌണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍.
മാലിന്യമുക്ത തീരം, പരിസ്ഥിതി സൗഹൃദപരമായ നിര്‍മ്മിതികള്‍, സഞ്ചാരികളുടെ സുരക്ഷ, കുളിക്കുന്ന കടല്‍വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫ്ളാഗ് മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് അഭിമാനനേട്ടം കൈവരിച്ചത്. കാപ്പാട് തീരം എപ്പോഴും വൃത്തിയുള്ളതാക്കി മാറ്റാന്‍ 30 വനിതകളാണ് ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീരത്തെ ചപ്പുചവറുകളെല്ലാം ദിവസവും ഇവര്‍ നീക്കം ചെയ്യുകയും പ്രദേശം വൃത്തിയാക്കുകയും ചെയ്യുന്നു. സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് (സൈക്കോ) എന്ന സ്ഥാപനമാണ് ബ്‌ളൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.
ഡല്‍ഹി ആസ്ഥാനമായിട്ടുള്ള എ റ്റു ഇസഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മാനേജ്മെന്റ് ആണ് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന് കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എട്ട് കോടി രൂപ വകയിരുത്തി. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തിനു മുന്നോടിയായി ബ്ലൂ ഫ്ളാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവൃത്തികള്‍ കാപ്പാട് ബീച്ചില്‍ പൂര്‍ത്തീകരിച്ചിരുന്നു. ബീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമാണെന്ന് ആഹ്വാനം ചെയ്യുന്നതിനായി ‘അയാം സേവിംഗ് മൈ ബീച്ച്’ പതാക ഉയര്‍ത്തല്‍ ചടങ്ങ് നേരത്തെ നടന്നിരുന്നു.
ഇന്ത്യയില്‍ ആദ്യമായി കോളോണിയല്‍ അധിനിവേശത്തിന്റെ തുടക്കം കുറിച്ചത് പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡ ഗാമ 1498 ല്‍ കാപ്പാട് കപ്പലിറങ്ങിയതോടെയാണ്. പോര്‍ച്ചുഗീസുകാര്‍ക്ക് പിന്നാലെയാണ് ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഇന്ത്യയിലെത്തുന്നത്. ചരിത്ര ടൂറിസത്തിന്റെ ഭാഗമായി പ്രത്യേക സ്ഥാനമുള്ള കാപ്പാടിന് ഇപ്പോള്‍ ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ വലിയ വികസന സാധ്യതകള്‍ക്ക് ഇടയാക്കുമെന്നാണ് കരുതുന്നത്.