ലക്നൗ: ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന ആരോപണങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് താണ്ഡവ് വെബ് സീരീസിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. ലക്നൗവിലെ ഹത്രസ്ഗഞ്ച് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറാണ് പരാതി നല്‍കിയിരിക്കുന്നത്.
താണ്ഡവിന്റെ ആദ്യ എപ്പിസോഡിന്റെ പതിനേഴാം മിനിറ്റില്‍ ഹിന്ദു ദൈവങ്ങളായി വേഷമിട്ട കഥാപാത്രങ്ങള്‍ മോശമായി വസ്ത്രം ധരിക്കുകയും മാന്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തു, അത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്, മാത്രമല്ല ജാതി പ്രശ്നങ്ങളിലേക്ക് നയിക്കുന്ന സംഭാഷണങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന രംഗങ്ങളും സീരീസിലുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തുകയും സംഘര്ഷമുണ്ടാക്കുകയുമാണ് സീരീസിന്റെ ലക്ഷ്യം എന്നാണ് പരാതിക്കാരന് ആരോപിക്കുന്നത്.
വെബ് സീരീസിന്റെ സംവിധായകന്, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ആമസോണ്‍ ഇന്ത്യ ഒറിജിനല്‍ കണ്ടന്ഡ് ഹെഡ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താണ്ഡവില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നുവെന്ന് ബിജെപി നേതാക്കളും ആരോപണം ഉയര്‍ത്തിയിരുന്നു.
ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത 'താണ്ഡവ്' ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ വേഷമിട്ടിട്ടുണ്ട്.