ആലുവ അശ്വതി തിയ്യറ്റേഴ്സിൻ്റെ നാടകവണ്ടിക്ക് 24000 രൂപ പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിയിൽ പ്രതിഷേധം വ്യാപകമാവുന്നു. വാഹനത്തിന് മുകളിൽ നാടക സമിതിയുടെ പേരെഴുതിയ ബോർഡിന് വലിപ്പം കൂടിയെന്ന് ആരോപിച്ചാണ് വൻതുക പിഴിയിട്ടത്. സംഭവത്തിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പ്രതിഷേധിച്ചു. സമൂഹ മാധ്യമങ്ങളിൽ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണം ഉയർന്നുവന്നത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 24000 രൂപ പിഴയട്ടതിൽ നിയമവിരുദ്ധമായ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കണമെന്ന്‌ഗതാഗത മന്ത്രി എ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞു. വാഹനത്തിലെ ബോർഡിന് വലുപ്പം കൂടി എന്ന കാരണമാണ് പിഴയിടാനായി പറഞ്ഞതെന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലായത്. ഇക്കാര്യം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി മന്ത്രി അറിയിച്ചു.
പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു. ആലുവ അശ്വതി തിയ്യറ്റേഴ്സിൻ്റെ മേൽ ചുമത്തിയ കുറ്റം ഒഴിവാക്കി, ഈടാക്കിയ പിഴത്തുക തിരിച്ചു നൽകണമെന്ന് സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ആവശ്യപ്പെട്ടു.