ഡല്‍ഹി: കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുളള പതിനൊന്നാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. അവസാനഘട്ട ചര്‍ച്ചയില്‍ നിയമങ്ങള്‍ 18 മാസത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന ഉപാധിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ച്ചത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു സമിതിയെ നിയോഗിക്കാമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ റദ്ദാക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി.
കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിച്ചാല്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നു മുതല്‍ രണ്ടുവര്‍ഷം വരേക്ക് നീട്ടിവയ്ക്കുകയും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയമിക്കുകയും ചെയ്യാമെന്നും, സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷം എടുക്കും - അതുവരെ നിയമങ്ങള്‍ നടപ്പാക്കില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം. അതേസമയം കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നത് സംബന്ധിച്ച് കര്‍ഷകരും ഡല്‍ഹി പോലീസുമായി നടന്ന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഡല്‍ഹിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ തന്നെ സമാധാനപരമായി റാലി നടത്തുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു. റാലി കുണ്ട്ലി മനേസര്‍ പല്‍വാള്‍ ഹൈവേയിലേക്ക് മാറ്റണമെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യത്തില്‍ അടുത്ത ഘട്ട ചര്‍ച്ചയില്‍ തീരുമാനമുണ്ടാവും. കര്‍ഷകരുടെ റിപ്പബ്ലിക് ദിനത്തിലെ റാലി രാജ്യത്തിന് നാണക്കേടാവുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വിഷയത്തില്‍ ഡല്‍ഹി പോലീസിന് തീരുമാനം എടുക്കാമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം.