ഡല്‍ഹി: മ്യാന്‍മറിലേക്കുളള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനാവശ്യപ്പെട്ട് മ്യാന്മറിലെ ഇന്ത്യന്‍ എംബസി. മ്യാന്മറിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇന്ത്യന്‍ പൗരന്മാരും കൃത്യമായ മുന്‍കരുതലുകളെടുക്കുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി വെബ്സൈറ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മ്യാന്മറില് സൈനിക അട്ടിമറി നടന്നത്. ആങ് സാങ് സൂകിയും പ്രസിഡന്റ് വിന് മിന്റുമുള്‍പ്പെടെയുളള നേതാക്കളെ തടവിലാക്കി. രാജ്യത്ത് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായെന്നാരോപിച്ച സൈന്യവും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. രാജ്യത്തെ മൊബൈല്‍ നെറ്റ്വര്ക്കുകളുള്പ്പെടെയുളളവ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിക്കായിരുന്നു ഭൂരിപക്ഷം ലഭിച്ചത്. തുടര്‍ന്ന് സൈനിക പിന്തുണയുളള പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തടവിലാക്കിയ നേതാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും സൈന്യത്തിന്റെ നടപടിയെ അപലപിച്ചും അമേരിക്കയടക്കം നിരവധി ലോകരാജ്യങ്ങളാണ് രംഗത്തെത്തിയത്.