അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് 8 ന് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല വനിതകളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നൽകും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ഡ്യൂട്ടി വനിതകള്‍ക്ക് നല്‍കണം എന്നാണ് എല്ലാ ജില്ലാ പൊലീസ് മേധാവികളോടും ഡിജിപി നിര്‍ദേശിച്ചത്.
വനിതാ ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്ള സ്‌റ്റേഷനുകളില്‍ വനിതകൾ മാർച്ച് 8 ന് സ്‌റ്റേഷന്റെ ചുമതല വഹിക്കും. സ്‌റ്റേഷനുകളില്‍ ഒന്നിലധികം വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപത്തെ മറ്റു സ്‌റ്റേഷനുകളില്‍ ലഭ്യമാക്കും. വനിതാ ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സ്റ്റേഷൻ ചുമതലയിൽ നിയോഗിക്കും.
അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തില്‍ വനിതാ കമാന്‍ഡോകളെ നിയോഗിക്കാനും നിർദ്ദേശമുണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല വനിതാ കമാന്‍ഡോകൾക്ക് നൽകും. മുഖ്യമന്ത്രിയുടെ ഓഫീസുള്ള സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പോലീസ് ഗാര്‍ഡുകളെയും നിയോഗിക്കും.