വഡോദര: ഗുജറാത്ത് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുവാക്കള്‍ക്ക് 'ഡേറ്റിംഗ് ഡെസ്റ്റിനേഷനും' കോഫിഷോപ്പുകളും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയിറക്കിയ പ്രകടനപത്രികയിലാണ് യുവാക്കള്‍ക്കും കമിതാക്കള്ക്കുമായി ഡേറ്റിംഗ് ഡെസ്റ്റിനേഷന്‍ എന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. കാലത്തിനനുസരിച്ച് സമൂഹം മാറേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് ശ്രീവാത്സവ പറഞ്ഞു.
ഓരോ നാണയത്തിനും രണ്ടുവശമുണ്ട്, ഓരോ പ്രകടനപത്രികയും ഓരോ ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. ചിലയാളുകള്‍ എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കും, എന്നാല്‍ ഭൂരിപക്ഷത്തിന് താല്‍പ്പര്യമുളള വിഷയങ്ങള്‍ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്ക്കെതിരായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് ഒരിക്കലും രാജ്യത്തിന്റെ സംസ്കാരത്തെ അംഗീകരിച്ചിട്ടില്ല. പാശ്ചാത്യ ആശയമാണ് ഡേറ്റിംഗ്. പാശ്ചാത്യ രാജ്യങ്ങളില്‍ ആരും കുടുംബങ്ങളായി താമസിക്കാറില്ല. അവര്‍ക്ക് അവരുടെ വികാരങ്ങള്‍ പങ്കുവയ്ക്കാന്‍ ഡേറ്റിംഗ് ആവശ്യമാണ്, എന്നാല്‍ ഇന്ത്യയില്‍ എല്ലാവരും കുടുംബമായി താമസിക്കുന്നവരാണ്. അതിനാല്‍ ഇവിടെ അതിന്റെ ആവശ്യമില്ലെന്ന് വഡോദര ബിജെപി സെക്രട്ടറി വിജയ് ഷാ പറഞ്ഞു.
ഇപ്പോള്‍ ഡേറ്റിംഗിനെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് ഇനി മദ്യത്തെയും മയക്കുമരുന്നിനെയും പ്രോത്സാഹിപ്പിക്കും. ഡേറ്റിംഗ് ഡെസ്റ്റിനേഷനുകള്‍ ഹിന്ദു പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയും ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും വിജയ് ഷാ ആരോപിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര,ജാംനഗര്‍, ഭാവ്നഗര്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി 21-നാണ് തെരഞ്ഞെടുപ്പ് നടക്കുക.