കല്പറ്റ: വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നപ്പോള്‍ ഡോ. ആസാദ് മൂപ്പന്‍ ഗൂഢ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിച്ചുവെന്ന് കല്‍പ്പറ്റ എംഎല്‍എ സി. കെ. ശശീന്ദ്രന്‍. വിംസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയയില്‍ 250 കോടി രൂപയുടെ ചാരിറ്റി ആസാദ് മൂപ്പന്‍ പ്രഖ്യാപിച്ചു. ആശുപത്രി കൈമാറുന്നതുമായി ബന്ധപ്പെട്ട് ആദ്യം ഒരു ഉപാധിയും വച്ചില്ല. എന്നാല്‍, ആശുപത്രി ഏറ്റെടുക്കുമേന്നായപ്പോള്‍ നേരത്തെ പറയാത്ത പല ഉപാധികളും അദ്ദേഹം മുന്നോട്ടു വയ്ക്കാന്‍ തുടങ്ങി. അതാണ് വിംസ് ഏറ്റെടുക്കുന്നതിനു തടസ്സമായത്. അതിനു പിന്നിലെ നിഗൂഢത വെളിപ്പെടുത്തേണ്ടത് ആസാദ് മൂപ്പന്‍ തന്നെയാണ് - സി. കെ. ശശീന്ദ്രന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വിംസ് ഏറ്റെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മാനന്തവാടിക്കടുത്ത് ബോയ്സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ പുതിയ മെഡിക്കല്‍ കോളേജുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്‍റെ പണി പൂര്‍ത്തിയാകും വരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി പ്രവര്‍ത്തിക്കും.
പരിസ്ഥിതി പ്രശ്നമില്ലാത്തതിനാല്‍ ഇവിടെ മെഡിക്കല്‍ കോളേജ് സുമുച്ചയമുണ്ടാക്കാമെന്ന കളക്ടറുടെ റിപ്പോര്‍ട്ടാണ് നിലവിലെ തീരുമാനങ്ങള്‍ക്കാധാരം. നേരത്തെ കണ്ടെത്തിയ മടക്കി മലയിലെയും ചുണ്ടേലെയും ഭൂമി അനുയോജ്യമല്ലെന്ന് വിദഗ്ധസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.