തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സമൂഹത്തിലെ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വിദ്യാശ്രീ പദ്ധതിക്ക് തുടക്കാമായി. ആദ്യഘട്ടത്തില്‍ 200 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ് നല്‍കിയത്. പദ്ധതിയുടെ സംസ്ഥാനതല മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയുമായി വിളക്കി ചേർക്കുന്ന വിദ്യാശ്രീ പദ്ധതിയിലൂടെ പത്തു ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതി നടപ്പാക്കുന്നത്. വായ്പയുടെ അഞ്ചു ശതമാനം പലിശ സർക്കാരും നാല് ശതമാനം പലിശ കെ.എസ്.എഫ്.ഇയും വഹിക്കും. ആശ്രയ കുടുംബങ്ങൾക്ക് 7000 രൂപയ്ക്ക് ലാപ്ടോപ് ലഭിക്കും. പട്ടികജാതി പട്ടികവർഗ, മത്സ്യബന്ധന കുടുംബങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്സിഡി ഇതിനു പുറമേ അധികമായി ലഭിക്കും. അർഹരായവർക്ക് പിന്നാക്ക-മുന്നാക്ക കോർപ്പറേഷനുകൾക്ക് അവരുടെ ഫണ്ടിൽ നിന്നും സബ്സിഡി നൽകാനാവും. ടെൻഡറിൽ പങ്കെടുത്ത സാങ്കേതികമേൻമ പുലർത്തുന്ന എല്ലാ ലാപ്ടോപ് കമ്പനികളെയും എംപാനൽചെയ്തിട്ടുണ്ട്.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദ്യാര്‍ത്ഥികള്‍ ഓൺലൈൻ വിദ്യാഭ്യാസ രീതിയിലേക്ക് മാറിയപ്പോൾ ലാപ്ടോപ് വാങ്ങാൻ കഴിയാതിരുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭാമാക്കുന്നതാണ് പദ്ധതി. സാധാരണക്കാരായ അയൽക്കൂട്ട അംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുകയും1500 രൂപ അടച്ചാൽ തന്നെ ലാപ്ടോപ് നൽകുകയും പരമാവധി ഡിസ്‌ക്കൗണ്ട് നൽകിക്കൊണ്ട് 7000 രൂപയ്ക്ക് ലാപ്ടോപ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലഭ്യമാക്കുന്ന പദ്ധതി ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് നടപ്പാക്കുന്നത്. പദ്ധതിക്കായി തയ്യാറാക്കിയ പോർട്ടലിൽ ലാപ്ടോപ് ആവശ്യപ്പെട്ട് ഇതുവരെ 1,44,028 അയൽക്കൂട്ട അംഗങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 1,23,005 പേരാണ് ലാപ്ടോപ് വാങ്ങാൻ തയാറായി മുന്നോട്ടുവന്നത്. 17343 പേർ ലാപ്ടോപ്പിന്റെ മോഡലും തിരഞ്ഞെടുത്തു. ലാപ്ടോപ്പിന്റെ മോഡല്‍ തെരഞ്ഞെടുക്കാനുള്ള അവസരവും വിദ്യാശ്രീ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.