LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുലേഖ കാര്‍ത്തികേയന് നിനിത കണിച്ചേരിയുടെ തുറന്ന കത്ത്

നിയമന വിവാദത്തില്‍ തന്നെ വിചാരണ ചെയ്ത മാധ്യമ നടപടികളും സുലേഖ ടീച്ചരുടെ പ്രസ്താവനയും ബന്ധപ്പെടുത്തിക്കൊണ്ട് നിനിത കണിച്ചേരി എഴുതിയ തുറന്ന കത്തിന്റെ പൂര്‍ണ്ണരൂപം  

പ്രിയ സുലേഖടീച്ചർ,

                      സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ഞാൻ ടീച്ചറുടെ ഒരു FB പോസ്റ്റ് അൽപം വൈകിയാണ് കണ്ടത് . അതാണ് ഇപ്പോൾ ഇങ്ങനെയൊരു പ്രതികരണത്തിന് എന്നെ പ്രേരിപ്പിച്ചത്. 

കാര്യത്തിലേക്ക് വരും മുമ്പ് നാം തമ്മിലുള്ള സവിശേഷമായ ഒരുബന്ധംകൂടി ഓർമ്മിപ്പിക്കട്ടെ, ടീച്ചറുടെ ഭർത്താവ് ആദരണീയനായ ശ്രീ. ജി. കാർത്തികേയൻ സാർ എൻ്റെ അമ്മയുടെ സഹപാഠിയും അച്ഛൻ്റേയും, എം.ബി രാജേഷിൻ്റേയും അടുത്ത സുഹൃത്തുമായിരുന്നു. വർക്കല SN കോളേജിൽ 1967-68ൽ KSU വിൻ്റെ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന ശ്രീ.കാർത്തികേയൻ സാറിനെതിരെ KSF ൻ്റെ സ്ഥാനാർത്ഥി എൻ്റെ അമ്മ നബീസാ ബീവിയായിരുന്നു. വോട്ടെണ്ണൽ പൂർത്തിയാക്കാനാവാതെ ആ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നുവത്രേ. എൻ്റെ വിവാഹത്തിനു വന്നപ്പോൾ ശ്രീ.കാർത്തികേയൻസാർ ഇക്കാര്യം സംസാരിച്ചത് ഇന്നും ഞാനോർക്കുന്നു. അങ്ങനെ ഞങ്ങൾക്കെല്ലാം അടുത്ത ബന്ധമുണ്ടായിരുന്ന ശ്രീ.കാർത്തികേയൻ സാറിൻ്റെ ഭാര്യ എന്ന സ്നേഹം നേരിൽ പരിചയമില്ലെങ്കിലും ടീച്ചറിനോട് എനിക്കുണ്ട് . 

ഇനി കാര്യത്തിലേക്ക് വരാം, കേരളത്തിൻ്റെ അക്കാദമിക് രംഗത്ത് പല ഉയർന്ന പദവികളും വഹിച്ചിട്ടുള്ള ടീച്ചറുടെ യോഗ്യതകളെ സമൂഹമാധ്യമങ്ങളിൽ ആരെല്ലാമോ ചോദ്യം ചെയ്തതാണല്ലോ ടീച്ചറെ വേദനിപ്പിച്ചതും FB പോസ്റ്റിന് നിദാനമായതും. എന്നാൽ എഡിറ്ററില്ലാത്ത സമൂഹമാധ്യമങ്ങളിൽ നിന്നു മാത്രമല്ല എഡിറ്ററുള്ള മുഖ്യധാരാ മാധ്യമങ്ങളിൽനിന്നുപോലും സമാനമായ ആക്രമണം ഞാൻ നേരിടുന്നത് ടീച്ചർ അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. സ്വന്തം യോഗ്യതകൾ വിളിച്ചു പറയേണ്ടിവരുന്ന നിവൃത്തികേടിനെ കുറിച്ച് ടീച്ചർ പറഞ്ഞല്ലോ, അതേ അവസ്ഥയാണിപ്പോൾ എനിക്കും. ടീച്ചറുടെ മകനും എംഎൽഎയുമായ ശ്രീ ശബരീനാഥ് ഉൾപ്പെടെയുള്ളവർ നടത്തുന്ന അവാസ്തവ പ്രചരണമാണിതിനു കാരണം. സംസ്കൃത സർവ്വകലാശാലയിൽ അധ്യാപികയായി നിയമിക്കപ്പെടാനുള്ള എൻ്റെ യോഗ്യതയെ അദ്ദേഹമുൾപ്പെടെയുള്ളവർ ചോദ്യം ചെയ്യുന്നതിനാൽ  സ്വന്തം യോഗ്യതകൾ വിശദീകരിക്കാൻ ടീച്ചറെപ്പോലെ ഞാനും നിർബന്ധിതയായിരിക്കുകയാണ്. 

ടീച്ചർ പഠിച്ചിറങ്ങിയ കാലത്ത് കോളേജ് അധ്യാപികയാവാനുള്ള അടിസ്ഥാന യോഗ്യത പി.ജി മാത്രമായിരുന്നെങ്കിൽ ഇന്ന് പി.ജിക്ക് പുറമെ UGC യുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് കൂടി പാസ്സാവണമെന്ന് ടീച്ചർക്ക് അറിയാമല്ലോ. എനിക്ക് എം.എക്ക് ഫസ്റ്റ്ക്ലാസും NET ഉം അധിക യോഗ്യതയായി

Ph Dയും ഉണ്ടായിട്ടും അടിസ്ഥാനയോഗ്യത പോലുമില്ലെന്നാണ് ചിലർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അടിസ്ഥാന യോഗ്യതയും അധികയോഗ്യതകളും എനിക്കുണ്ടെന്ന് മറ്റാർക്ക് മനസ്സിലായില്ലെങ്കിലും കേരള സർവ്വകലാശാലയിലെ പരീക്ഷാ കൺട്രോളറായി വിരമിച്ച ടീച്ചർക്ക് മനസ്സിലാവാതെ വരില്ലല്ലോ. രണ്ട് കട്ടികളുടെ അമ്മ , അധ്യാപിക എന്നീ നിലകളിലുള്ള ജോലിഭാരത്തിനൊപ്പം ഒരു പൊതുപ്രവർത്തകൻ്റെ ഭാര്യ എന്ന അധിക സമ്മർദ്ദം കൂടി അനുഭവിച്ച് കൊണ്ട് ഒരു സ്ത്രീ ഗവേഷണം പൂർത്തിയാക്കി  Ph D കരസ്ഥമാക്കുന്നത് എത്രമേൽ ദുഷ്ക്കരമാണെന്ന് മറ്റാരേക്കാൾ നന്നായി ടീച്ചർക്ക് തിരിച്ചറിയാനാകും എന്നാണ് എൻ്റെ പ്രതീക്ഷ. ടീച്ചറും സമാനമായ സാഹചര്യങ്ങളിൽ നിന്നു കൊണ്ടായിരിക്കുമല്ലോ Ph Dനേടിയത്. ഉന്നത പരീക്ഷാവിജയങ്ങളും Ph Dയുമൊക്കെ നേതാക്കളുടെ ഭാര്യമാർ എന്ന നിലയിൽ നമുക്കാരും തന്ന ഔദാര്യമല്ലെന്നും കഠിനാധ്വാനം കൊണ്ടു മാത്രം നേടുന്നതാണെന്നും ടീച്ചർ അംഗീകരിക്കുമെന്ന് എനിക്കുറപ്പാണ്. ഭർത്താവിൻ്റെ മേൽവിലാസത്തിലല്ലാതെ സ്വന്തമായി ആർജ്ജിച്ച കഴിവും യോഗ്യതകളും കൊണ്ട് ഒരു സ്ത്രീക്ക് ഉയർന്നുവരാനാകും എന്ന് ടീച്ചർ വിശ്വസി ക്കുന്നില്ലേ.

 സംസ്കൃത സർവ്വകലാശാല, മലയാളം അസിസ്റ്റൻഡ് പ്രൊഫസർ നിയമനത്തിന് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാൻ UGC മാനദണ്ഡപ്രകാരം നിശ്ചയിച്ച കട്ട് ഓഫ് ആയ 60 മാർക്ക് നേടാൻ എനിക്ക് എം.എ ഫസ്റ്റ് ക്ലാസും (25 മാർക്ക്) Ph Dയും (30 മാർക്ക്) NET ഉം ( 5 മാർക്ക് ) മാത്രം മതിയെന്ന കാര്യം UGC മാനദണ്ഡങ്ങൾ നന്നായറിയുന്ന ടീച്ചർ നിഷേധിക്കില്ലല്ലോ. ഡിഗ്രിക്കും പ്രസിദ്ധീകരണത്തിന്നും നൽകുന്ന മാർക്കുകൾ കൂടി ഇതിനു പുറമെ എനിക്ക് ലഭിക്കുകയും ചെയ്യും 

എനിക്ക് കോളേജ് അധ്യാപന പരിചയമില്ല എന്നും അതുള്ളവരെ മറികടന്ന് എന്നെ നിയമിച്ചു എന്നുമാണ് മറ്റൊരു ആരോപണം. എന്നാൽ എനിക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്തവരിലധികവും  UGC നിഷ്കർഷിച്ചപ്രകാരമുള്ള അധ്യാപന പരിചയം ഇല്ലാത്തവരായിരുന്നു എന്നതാണ് വസ്തുത.( കോളേജ് അധ്യാപന പരിചയം ഉള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന് യുജിസി വ്യവസ്ഥ ചെയ്യുന്നുമില്ല).ഗസ്റ്റ് അധ്യാപന പരിചയമാണ് അവർക്കെല്ലാം ഉണ്ടായിരുന്നത്. NET ഉം 

Ph Dയും ഉണ്ടെങ്കിലും സ്ഥിരം സർക്കാർ ജോലി ലഭിച്ചാൽ ആരാണ് ഗസ്റ്റ് അധ്യാപന ജോലിക്ക് താത്പര്യപ്പെടുക. എനിക്ക് നേരത്തേ തന്നെ പി എസ് സി മുഖേന സ്ഥിരം ജോലി ലഭിച്ചതിനാലാണ് ഗസ്റ്റ് അധ്യാപികയായി ജോലി നോക്കേണ്ടി വരാതിരുന്നത്. അതെങ്ങിനെ അയോഗ്യതയാവും. പിന്നെ എന്തിനാണ് എനിക്കെതിരെ കളളപ്രചരണം നടത്തിയിട്ടുണ്ടാവുക എന്ന് ടീച്ചർക്ക് ഊഹിക്കാമല്ലോ.

ഫെബ്രുവരി 6 ലെ മലയാള മനോരമ പത്രം 'സർക്കാർ പ്രതിനിധി' എനിക്ക് കൂടുതൽ മാർക്ക് നൽകി എന്നുവരെ എഴുതിയിരിക്കുന്നു! സർവ്വകലാശാല അധ്യാപക നിയമന സെലക്ഷൻ കമ്മറ്റിയിൽ സർക്കാർ പ്രതിനിധിയില്ല എന്ന് എന്തായാലും ടീച്ചർക്കറിയാമല്ലോ. ഗവർണറുടെ പ്രതിനിധി എന്നതിനെ സർക്കർ പ്രതിനിധി എന്ന് മാറ്റി വാർത്തയിൽ  കൊടുക്കുന്നത് അറിവില്ലായ്മ മാത്രമാകുമോ? ഇതുവരെ എട്ടു ദിവസമാണ് പൊലിപ്പിച്ച വാർത്തകളും തലക്കെട്ടുകളും കൊണ്ട് ആ പത്രം എന്നെ വേട്ടയാടിയത്. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോടല്ല ആശയങ്ങളോടാണ് ഏറ്റുമുട്ടേണ്ടത് എന്ന ടീച്ചറുടെ FB പോസ്റ്റ് വാർത്തയാക്കിയ ദിവസവും മനോരമയിൽ എന്നെ ആക്ഷേപിക്കുക എന്ന ദുരുദ്ദേശത്തോടെയുള്ള വാർത്തയുണ്ടായിരുന്നു. കേരളത്തിൽ മറ്റെല്ലായിടത്തും അതേ വർത്ത 2 കോളത്തിൽ ചെറുതായിരുന്നപ്പോൾ പാലക്കാട്ട് മാത്രം അഞ്ചു കോളത്തിൽ വലിയ തലക്കെട്ടിൽ വാർത്ത ആഘോഷിച്ചത് നിഷ്കളങ്കമായിട്ടല്ലെന്ന് ടീച്ചർക്ക് തോന്നുന്നില്ലേ? പ്രിവിലേജ്ഡ് ആയ ടീച്ചർക്കുള്ള സംരക്ഷണവും പരിഗണനയും തന്നില്ലെങ്കിലും ഇങ്ങനെ ലക്ഷ്യമിട്ട് ആക്രമിക്കുന്നത് ശരിയാണോ? ടീച്ചറുടെ തന്നെ വാക്കുകൾ കടമെടുത്താൽ, മനോരമയുമായി ആശയപരമായി ഏറ്റുമുട്ടുന്നയാളാണ്‌ രാജേഷ്. കഴിഞ്ഞ കുറച്ചുകാലമായി അതിൻ്റെ തീവ്രത കൂടിയിട്ടുമുണ്ടാവാം. പക്ഷേ അതിൻ്റെ പേരിൽ എന്നെ അധിക്ഷേപിക്കുന്നത് മാധ്യമ മര്യാദയാണോ? 

ചില മാധ്യമങ്ങൾഇപ്പോഴത്തെ സർവ്വകലാശാലാ നിയമന പട്ടികയിലെ എൻ്റെ റാങ്കിനെ, അതുമായി യാതൊരു ബന്ധവുമില്ലാത്തതും 2014ൽ എഴുതിയതുമായ psc  അസിസ്റ്റൻസ് പ്രൊഫസർ പരീക്ഷയിലെ എൻ്റെ റാങ്കുമായി താരതമ്യപ്പെടുത്തി ചർച്ച ചെയ്യുകയുണ്ടായി. അതേസമയം സർവ്വകലാശാലാ റാങ്ക് ലിസറ്റിൽ എനിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഇതേ പരീക്ഷ എഴുതിയിരുന്നു എന്നതും അവരാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുപോലുമില്ല എന്നതും മാധ്യമങ്ങൾ മിണ്ടിയതേയില്ല. ചാനലുകളിലെ ചർച്ചകൾക്കിടയിൽ അങ്ങോട്ട് വിളിച്ച് ഞാനീ കള്ളം തുറന്നു കാണിച്ചപ്പോഴാണ് അവതാരകൻ തെറ്റു സമ്മതിക്കുകയും ക്ഷമ പറയുകയും ചെയ്തത്. ഈ വിവാദം തുടങ്ങിവച്ചവരുടെ നിക്ഷിപ്ത താത്പര്യവും ആളിക്കത്തിച്ചതിന് പിന്നിലെ മറ്റ് ലക്ഷ്യങ്ങളും കൂടി ടീച്ചറെപോലുള്ളവർ മനസ്സിലാക്കുമെന്ന് കരുതുന്നു. 

നമ്മുടെ സ്വകാര്യ മാനേജ്മെൻറ് കോളേജുകളിലെ നിയമനരീതികളെ കുറിച്ചെല്ലാം ടീച്ചർക്കറിയാമല്ലോ. ഞാൻ 2010 ൽ NET പാസ്സായയാളാണ്. 2018ൽ Ph Dയും നേടി. ഈ കാലയളവിൽ 9 വർഷവും എം.ബി. രാജേഷ് എം.പിയായിരുന്നു. മാത്രമല്ല പല സ്വകാര്യ മാനേജ്മെൻറുകളുമായും സ്വാഭാവികമായും നല്ലബന്ധമുള്ളയാളുമാണ്. ഒരു അധ്യാപക ജോലി തരപ്പെടുത്തണമായിരുന്നെങ്കിൽ ഈ കാലയളവിനുള്ളിൽ, ഈ യോഗ്യതകൾ വച്ച്, വലിയ കോലാഹലങ്ങളൊന്നുമില്ലാതെ അതിനുകഴിയുമായിരുന്നല്ലോ. ഈ കാലയളവിൽ സ്വകാര്യ മാനേജ്മെൻ്റ് കോളേജുകൾ നടത്തിയ 7 ഇൻറർവ്യൂകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്, Ph Dയില്ലാത്ത പലർക്കും അവിടങ്ങളിൽ ജോലി കിട്ടിയിട്ടുമുണ്ട്. സ്വകാര്യ എയിഡഡ് കോളേജുകളിൽ ബിരുദാനന്തര ബിരുദം മാത്രം അടിസ്ഥാനമാക്കി ജോലി നേടിയശേഷം വിരമിച്ച ചിലരും,UGC യോഗ്യതകളെല്ലാമുള്ള എന്നെ വിചാരണ ചെയ്യാൻ ഒരു മനസാക്ഷിക്കുത്തുമില്ലാതെ ടി.വി സ്റ്റുഡിയോകളിൽ സന്നിഹിതരായതും ടീച്ചർ കണ്ടിരിക്കുമല്ലോ. 

എതിരാളിയോടുള്ള വിരോധം തീർക്കാൻ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ശരിയല്ല എന്ന ടീച്ചറുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.(സ്ത്രീകളെല്ലാം വീട്ടിലിരിക്കുന്നവരോ വീട്ടിലിരിക്കേണ്ടവരോ ആണെന്ന് ഞാൻ കരുതുന്നില്ല എന്നു കൂടി പറയട്ടെ) ടീച്ചറുടെ കുറിപ്പ്, അന്തസ്സോടെ ജീവിക്കാനുള്ള എല്ലാ സ്ത്രീകളുടെയും അവകാശത്തേയും സ്വാതന്ത്ര്യത്തേയും മുൻനിർത്തിയുള്ളതാണെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെയാണെങ്കിൽ എനിക്കു നേരെയുള്ള അധിക്ഷേപങ്ങളെയും ടീച്ചർ തള്ളിപ്പറയും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.  

                                         സ്നേഹാദരങ്ങളോടെ...

                                                                              നിനിത ആർ.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More