തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ് പ്ലാറ്റ്ഫോമായ ഫസ്റ്റ് ബെല്ലിന് രാജ്യത്തെ മികച്ച സര്‍ക്കാര്‍ ഓണ്‍ലൈന്‍ എഡൃൂക്കേഷണല് പ്ലാറ്റ്ഫോമിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ‘ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2021’ ദേശീയ പുരസ്കാരമാണ് ലഭിച്ചത്.
പ്രീ-പ്രൈമറി മുതല്‍ പ്ലസ്ടു വരെ കുട്ടികള്‍ക്കായി പൊതുവിഭാഗത്തിലും തമിഴ്, കന്നഡ മീഡിയത്തിലുമായി 6500 ക്ലാസുകളാണ് കൈറ്റ് വിക്ടേഴ്സിലൂടെയും മറ്റും സംപ്രേഷണം ചെയ്തത്. ഇതോടൊപ്പം എല്ലാ ക്ലാസുകളും ഒരു കുടക്കീഴില് ലഭ്യമാക്കിയ സംവിധാനമാണ് ‘ഫസ്റ്റ്ബെല്‍’ പ്ലാറ്റ്ഫോം (fistrbell.kite.kerala.gov.in). പൊതുക്ലാസുകള്‍ക്ക് പുറമെ റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും കേള്‍വിശക്തി കുറഞ്ഞ കുട്ടികള്‍ക്കായി സൈന്‍ അഡാപ്റ്റഡ് ക്ലാസുകളും ഫസ്റ്റ്ബെല്ലില്‍ ലഭ്യമാക്കി.
ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ പഠന സംവിധാനമാണ് കേരളത്തിന്റെത് എന്ന് നേരത്തെത്തന്നെ വിലയിരുത്തപ്പെട്ടിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു. കൈറ്റിന് ലഭിച്ച അംഗീകാരത്തില്‍ പങ്കാളികളായവരേയും കുട്ടികളെയും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാന്‍, വരുമാനം പരിഗണിച്ച് ലാപ്ടോപ് വിതരണവും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.