കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെങ്കിലും സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികക്ക് രൂപമായി. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകനുമായ പി എ മുഹമ്മദ് റിയാസ് സിപിഎമ്മിന്റെ ഉറച്ച കോട്ടയായ ബേപ്പൂരില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ട്. ഇതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് പി എ മുഹമ്മദ് റിയാസ് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള സാധ്യതകൂടി തെളിയുകയാണ്.
നിലവില്‍ സിപിഎമ്മില്‍ വലിയ അംഗീകാരമുള്ള വികെസി മമ്മദ് കോയയാണ് ബേപ്പൂരിലെ എം എല്‍ എ. സര്‍വ്വസമ്മതനായ വികെസി മമ്മദ് കോയയെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യവും പ്രവര്‍ത്തകരുടെ ഇടയില്‍ ശക്തമാണ്. സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ 2016 - ലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മേയര്‍ സ്ഥാനം രാജിവെപ്പിച്ചാണ് വികെസിയെ ബേപ്പൂരില്‍ മത്സരിപ്പിച്ചത്. എം മെഹബൂബ് അടക്കമുള്ളവരുടെ പേരുകള്‍ പരിഗണിച്ചിരുന്നുവെങ്കിലും വിജയ സാധ്യത കണക്കിലെടുത്ത് വികെസിക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.
1965-ല്‍ രൂപീകരിക്കപ്പെട്ട ബേപ്പൂര്‍ നിയമസഭാ മണ്ഡലം എക്കാലത്തും ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പില്‍ക്കാലത്ത് പുറത്താക്കപ്പെട്ട ചാത്തുണ്ണി മാസ്റ്ററാണ് ബേപ്പൂരിന്റെ ആദ്യ എംഎല്‍എ. 1967 ലും 1970 ലുമായി രണ്ടുവട്ടം അദ്ദേഹം ബേപ്പൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആന്‍റണി കോണ്‍ഗ്രസ്സുകാരനായിരുന്ന എന്‍ പി മൊയ്തീന്‍ സിപിഎം പിന്തുണയോടെ വിജയിച്ചു. 1982 സി ഐ ടി യുവിന്റെ പ്രമുഖ നേതാവായ കെ മൂസക്കുട്ടിയും ബേപ്പൂരിനെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസ്സില്‍ നിന്ന് സിപിഎമ്മിലെത്തിയ ടി. കെ. ഹംസ മൂന്നുവട്ടം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991 ല്‍ കുപ്രസിദ്ധമായ കോലീബി സഖ്യം പരീക്ഷിച്ചത് ടി. കെ. ഹംസക്കെതിരെ ബേപ്പൂരിലായിരുന്നു. എന്നാല്‍ അതിനെയും അതിജീവിച്ചുകൊണ്ട് എല്‍ ഡി എഫിനെ വിജയിപ്പിച്ച ചരിത്രമുള്ള ബേപ്പൂരില്‍ നിന്ന് വിജയിച്ചാണ് 2006 ല്‍ എളമരം കരീം വി എസ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായത്. പി എ മുഹമ്മദ് റിയാസിനെ ഇവിടെ മത്സരിപ്പിക്കുന്നത് സുരക്ഷിത മണ്ഡലം എന്ന നിലയിലാണ്. മുന്‍പ് കോഴിക്കോട് പാര്ലമെന്റ്റ് മണ്ഡലത്തില്‍ എം കെ രാഘവനോട് വെറും 800 വോട്ടുകളുടെ വ്യത്യാസത്തിലാണ് റിയാസ് തോറ്റത്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്ന റിയാസ് ഇനിയും തോല്‍ക്കരുത് എന്ന തീരുമാനത്തിലാണ് ഉറച്ച സീറ്റുതന്നെ നല്‍കുന്നത്.
കോഴിക്കോട് നോര്‍ത്തില്‍ സിറ്റിംഗ് എം എല്‍ എയായ എ പ്രദീപ് കുമാര്‍ തന്നെ മത്സരിക്കും. മറ്റാരെയെങ്കിലും മത്സരിപ്പിച്ചുകൊണ്ട് ഒരു പരീക്ഷണത്തിന് മുതിരേണ്ടതില്ല എന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റിക്കുള്ളത് എന്നാണ് റിപ്പോര്‍ട്ട്. യുവ നേതാവ് സച്ചിന്‍ ദേവ് ബാലുശ്ശേരിയില്‍ മത്സരിക്കും. മന്ത്രി ടിപി രാമകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്രയില്‍ സിപിഎം ജില്ല സെക്രട്ടറി പി മോഹനന്റെ പേരുകൂടി പരിഗണിക്കുന്നുണ്ട്. കൊയിലാണ്ടിയില്‍ കെ ദാസന്‍ തന്നെ മത്സരിക്കും. തിരുവമ്പാടിയില്‍ ഗിരീഷ് ജോണും കുറ്റ്യാടിയില്‍ കെ കുഞ്ഞമ്മദ് മാസ്റ്ററും മത്സരിക്കാനാണ് സാധ്യത.