മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വീടായ ആന്റിലിയയ്ക്ക് സമീപത്തായി പോലീസ് കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ നിറച്ച എസ്‌യുവി കാറിന്റെ ഉടമ മൻസുഖ് ഹിരെൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ, കാറിന്റെ യഥാർഥ ഉടമ മൻസുക് അല്ലെന്നും ഇന്റീരിയർ ജോലികൾക്കായി ഉടമ അദ്ദേഹത്തെ ഏൽപിച്ചതാണെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് വെളിപ്പെടുത്തിയതോടെ സംഭവത്തിലെ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകീട്ടാണ് ഹിരെന്റെ മൃതദേഹം കണ്ടെടുത്തത്. താനെക്കടുത്ത് കൽവ ക്രീക്കിലേക്ക് ചാടിയതാകാം എന്നാണ് പോലീസ് നിഗമനമെങ്കിലും ഹിരൺ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. പോലീസ് ആകസ്മിക മരണത്തിന് കേസെടുത്തു.
ഫെബ്രുവരി 26 ന് മുംബൈയിലെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം ഉപേക്ഷിക്കപ്പെട്ട കാർ ഭീതി പടർത്താൻ കാരണം വാഹനത്തിൽ കണ്ടെത്തിയ ഇരുപതോളം ജലാറ്റിൽ സ്റ്റിക്കുകളായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ മണിക്കൂറുകൾക്കകം കാറിന്റെ ഉടമയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മഹീന്ദ്ര സ്കോർപിയോ എസ്‌യുവിയുടെ രജിസ്റ്റർ ചെയ്ത ഉടമ താനാണെന്നും ഒരു വർഷത്തിലേറെയായി തന്റെ കാർ ഉപയോഗത്തിലില്ലെന്നും അടുത്തിടെ വാഹനം ഓടിക്കാൻ ആഗ്രഹിച്ചതിനാലാണ് ഫെബ്രുവരി 16 ന് പുറത്തെടുത്തതെന്നും ഹിരൻ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ യാത്രക്കിടെ കാർ കേടായതിനെ തുടർന്നാണ് മുളുണ്ട് ഐരോളി ലിങ്ക് റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തത്. പിറ്റേന്ന് വണ്ടിയെടുക്കാൻ തിരിച്ചെത്തിയപ്പോഴാണ് വാഹനം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. മോഷ്ടിച്ച വാഹനത്തെക്കുറിച്ച് പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.