കോഴിക്കോട്: ഈ മാസം 13 (ശനി) മുതല്‍ 16 വരെ നാലുദിവസം രാജ്യത്തെ പോതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി സ്തംഭിക്കും. ഈ വരുന്ന ശനി രണ്ടാം ശനിയായതിനാല്‍ ഞായറും ചേര്‍ത്ത് രണ്ടു ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും. തിങ്കളാഴ്ച മുതല്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ആരംഭിക്കുന്നതിനാല്‍, ബുധനാഴ്ച മാത്രമേ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കൂ. ഫലത്തില്‍ നാലുദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഇതിനിടെ വ്യാഴാഴ്ചയും (11/03/21) ബാങ്കുകള്‍ക്ക് ശിവരാത്രി മൂലമുള്ള അവധിയായിരിക്കും. അതായത് ഈ ബുധനാഴ്ച (10/03/21) കഴിഞ്ഞാല്‍ ഇടയ്ക്കൊരു വെള്ളിയാഴ്ച പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ അടുത്ത ബുധനാഴ്ച (17/03/21) മാത്രമേ ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ഇത്ര ദീര്‍ഘമായ അവധി വാണിജ്യ, വ്യാവസായിക രംഗത്ത് പൊതുവില്‍ സാമ്പത്തിക ഞെരുക്കമുണ്ടാക്കും.
ബാങ്കുകളുടെ സ്വകാര്യവത്ക്കരണനീക്കവും ഓഹരി വില്‍ക്കാനുള്ള നീക്കവും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അഖിലേന്ത്യാ വ്യാപകമായി ജീവനക്കാര്‍ പണിമുടക്കുന്നത്. ഈ മാസം 15, 16 തീയതികളില്‍ നടക്കുന്ന പണിമുടക്കില്‍ ഏകദേശം 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പങ്കെടുക്കും. ബാങ്കുകളുടെ സ്വകാര്യവത്ക്കരണനീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ടാണ് ദേശവ്യാപകമായി ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കുന്നത്.