ഡല്‍ഹി: ബാലാത്സംഗ കേസിലെ പ്രതിയോട് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് താന്‍ ചോദിച്ചിട്ടില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ. തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത് എന്നും ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ വ്യക്തമാക്കി. സ്ത്രീകളോടും സ്ത്രീത്വത്തോടും വലിയ മതിപ്പാണ് കോടതിക്കുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബലാത്സംഗ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാന്‍ തയാറാണോ എന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ കഴിഞ്ഞ ദിവസം കോടതിയില്‍വെച്ച് ചോദിച്ചു എന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. മഹാരാഷ്ട്രാ സംസ്ഥാനത്ത് നടന്ന ബലാത്സംഗ കേസിലെ പ്രതിയോടാണ് കോടതി ഇത്തരത്തില്‍ ഒരന്വേഷണം നടത്തിയതായുള്ള വാര്‍ത്ത വന്നത്. എന്നാല്‍ താന്‍ അങ്ങനെ ഒരു നിര്‍ദ്ദേശം പ്രതിക്ക് മുന്‍പാകെ വെച്ചിട്ടില്ലെന്നും വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് പ്രതിഭാഗം അഭിഭാഷകനോട് ആരായുക മാത്രമാണ് ചെയ്തതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയുടെ ഇക്കാര്യത്തിലുള്ള പരാമര്‍ശം തെറ്റായി മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുകയാണുണ്ടായത് എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത പറഞ്ഞു. പരാമര്‍ശത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്താണിത് ചെയ്തത്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കുമ്പോള്‍ അര്‍ഥം തന്നെ മാറിപ്പോകുമെന്ന, സോളിസിറ്റര്‍ ജനറലിന്റെ വിലയിരുത്തല്‍ ചീഫ് ജസ്റ്റിസ് ശരിവെച്ചു. രാജ്യത്താകെ വലിയ ചര്‍ച്ചയായ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശത്തിലാണ് ഇപ്പോള്‍ അതേ കോടതി വ്യക്തത വരുത്തിയിരിക്കുന്നത്.