തിരുവനന്തപുരം: നേമത്ത് മത്സരിക്കാന്‍ തങ്ങളിരുവരെയും കിട്ടില്ലെന്ന് പരോക്ഷമായി പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഡല്‍ഹിയില്‍ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇരുവരും തങ്ങളുടെ നിലപാടുകള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി പ്രഖ്യാപിച്ചത്. താന്‍ 11 തവണ മത്സരിച്ചത് പുതുപ്പള്ളിയിലാണെന്നും ഇനിയും മത്സരിക്കുന്നെങ്കില്‍ അവിടെത്തന്നെയായിരിക്കുമെന്നും അര്ത്ഥശങ്കക്കിടയില്ലാ ത്ത വിധം കഴിഞ്ഞ ദിവസം തന്നെ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് തന്റെ മണ്ഡല സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
തന്റെ മണ്ഡലമായ ഹരിപ്പാട് അമ്മയെപ്പോലെയാണെന്നും വിട്ടുപോകാനാകില്ലെന്നുമാണ് ചെന്നിത്തല ഇന്ന് പറഞ്ഞത്. താന്‍ മത്സരിക്കുക ഹരിപ്പാട് തന്നെയായിരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതോടെ നേമത്ത് ഇരുവരിലാരെങ്കിലും മത്സരിക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ഇതിനിടെ ഈയിടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന മേജര്‍ രവിയുടെ പേരും കെ മുരളീധരന് എം.പിയുടെ പേരും നേമത്തേക്ക് പരിഗണിച്ചിരുന്നു. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് പ്രമുഖനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലൂടെ ഏറ്റവും വലിയ ബിജെപി വിരുദ്ധ മുന്നണി എന്ന പ്രതിഛായയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.