തിരുവനന്തപുരം: മാധ്യമങ്ങള്‍ നല്‍കുന്ന വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതിഅന്വേഷിക്കണമെന്നാവശ്യപെട്ട് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഐ ഫോണ്‍ തന്‍റെ കൈവശമുണ്ടെന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താന്‍ വാങ്ങിയ ഐ ഫോണിന്‍റെ ബില്‍ തന്‍റെ കൈവശമുണ്ടെന്നും വിനോദിനി വ്യക്തമാക്കി.
വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഫോണില്‍ തന്‍റെ സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് വിനോദിനി അവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ നമ്പര്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണ കരാര്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിതോഷികമായി സന്തോഷ് ഈപ്പന്‍ നല്‍കിയ 5 ഐ ഫോണുകളില്‍ ഒന്ന് വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചിരുന്നതിനാലാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, വിനോദിനിക്ക് താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ പ്രതികരിച്ചിരുന്നു. ഐ ഫോണ്‍ സ്വപ്ന സുരേഷിനാണ് നൽകിയത്. സ്വപ്ന ആർക്കെങ്കിലും ഫോണ്‍ നൽകിയോയെന്ന് അറിയില്ല. വില കൂടിയ ഫോണ്‍ യുഎഇ കോണ്‍സല്‍ ജനറലിന് നല്‍കിയെന്നാണ് സ്വപ്ന പറഞ്ഞത്. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരു പാരിതോഷികവും നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.