LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സീറ്റ് നിഷേധം: കെപിസിസി ആസ്ഥാനത്ത് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു

തിരുവനന്തപുരം: കോണ്ഗ്രസ്സിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് കോണ്‍ഗ്രസ് ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ തന്നെ പരിഗണിക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്ന ലതികാ സുഭാഷ് തന്നെ ഒഴിവാക്കിക്കൊണ്ട് പട്ടിക പ്രഖ്യാപിച്ച ഉടനെ പ്രവര്‍ത്തകരുടെയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്റെയും സാന്നിദ്ധ്യത്തിലാണ്  തലമുണ്ഡനം ചെയ്തത്. വളരെ വൈകാരിക രംഗങ്ങള്‍ക്കിടയാക്കിയ ഈ പ്രതിഷേധത്തിനൊടുവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും ലതിക രാജിവെച്ചു.

പ്രസ്ഥാനത്തിന് വേണ്ടി 4 പതിറ്റാണ്ടായി താഴെ തട്ടില്‍ നിന്ന് പണിയെടുക്കുന്ന പ്രവര്‍ത്തകരുടെ പ്രയാസങ്ങള്‍ പത്തും ഇരുപതും വര്‍ഷങ്ങള്‍ എം എല്‍ എമാരായിരുന്നവര്‍ക്ക് മനസ്സിലാകില്ലെന്നും സ്ത്രീകളോടുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ തല മുണ്ഡനം ചെയ്തതെന്നും പിന്നീട് ലതികാ സുഭാഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സിന്റെയും കെ എസ് യുവിന്റെയും സംസ്ഥാന പ്രസിഡന്‍റുമാര്‍ക്ക് സീറ്റ് നല്‍കിയ നേതൃത്വം എന്തുകൊണ്ട് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ്യയെ പരിഗണിച്ചില്ലെന്നും ലതികാ സുഭാഷ് ചോദിച്ചു.

പ്രതിഷേധത്തിനിടെ അനുനയിപ്പിക്കാന്‍ ശ്രമിച്ച യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനോട് തനിക്ക് വയസ്സ് അമ്പത്തിയാറാണ്‌, ഇനിയും പറ്റിക്കാന്‍ നിന്നുകൊടുക്കില്ലെന്നും ലതികാ സുഭാഷ് തുറന്നടിച്ചു. തലമുണ്ഡനം ചെയ്തു പ്രതിഷേധിക്കുന്നതിനിടെ  തന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞ പ്രവര്‍ത്തകരെ ലതികാ സുഭാഷ് സാന്ത്വനിപ്പിച്ചു.

Contact the author

Web Desk