തമിഴ്നാട്: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എ.ഐ.എ.ഡി.എം.കെയുടെ പ്രകടന പത്രിക പുറത്തിറക്കി. കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളെയും പോലെ ഇത്തവണയും സൗജന്യങ്ങള്‍ തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. കഴിഞ്ഞ തവണ 'അമ്മ ഇരു ചക്രവാഹനം' ആയിരുന്നു പ്രധാനപ്പെട്ട ആകര്‍ഷക ഘടകം. ഇത്തവണ വീട്ടിലെ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി, 'അമ്മ' വാഷിംഗ് മെഷീന്, സൗരോര്‍ജ സ്റ്റൌവ്, വീടില്ലാത്തവര്‍ക്ക് വീട് എന്നിവയാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടം എഴുതിത്തള്ളല്‍, ഇന്ധന വില കുറയ്ക്കല്‍, എന്നിവയും പ്രകടന പത്രികയില്‍ ഇടം പിടിച്ച വാഗ്ദാനങ്ങളാണ്.
സംസ്ഥാനത്തെ ആരാധനാലായങ്ങളുടെ പുനരുദ്ധാരണവും നവീകരണവും നടപ്പാക്കും. ഗ്രാമങ്ങളിലെ പൂജാരിമാര്‍ക്ക് ശമ്പള വര്‍ധനവ്, വായു മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഹരിത ഓട്ടോകള്‍ വാങ്ങുവാന്‍ 25000 രൂപ, വര്‍ഷം 6 സിലണ്ടറുകള്‍ വീതം ഒരു വീട്ടിലേക്ക് സൗജന്യം എന്നിവയും പ്രധാനപ്പെട്ട വാഗ്ദാനങ്ങളാണ്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര,1000 രൂപയില്‍ നിന്ന് 2000 രൂപയിലേക്ക് വാര്‍ധക്യ പെന്ഷന് ഉയര്‍ത്തും തുടങ്ങിയ ഉറപ്പുകളും എ.ഐ.എ.ഡി.എം.കെയുടെ പ്രകടന പത്രിക ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
മദ്രാസ് ഹൈക്കോടതിയുടെ പേര് തമിഴ്നാട് ഹൈക്കോടതി എന്നാക്കുമെന്നും മധുര വിമാനത്താവളത്തിന് തേവര് സമുദായ നേതാവ് പശുംപന് മുത്തുരാമലിംഗയുടെ പേര് നല്‍കുമെന്നും ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ തങ്ങളുടെ പ്രകടന പത്രികയില്‍ പറയുന്നുണ്ട്.