ലിബിയന്‍ ഏകാധിപതിയായിരുന്ന മുഅമ്മർ ഗദ്ദാഫിയും ഇറാഖിലെ സദ്ദാം ഹുസൈനും തെരഞ്ഞെടുപ്പിൽ വിജയിച്ചവരായിരുന്നു എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം.
'സദ്ദാം ഹുസൈനും ഗദ്ദാഫിയും തെരഞ്ഞെടുപ്പ് നടത്താറുണ്ടായിരുന്നു. അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അവിടെ ആ ജനവിധി സംരക്ഷിക്കാന്‍ ആവശ്യമായ അടിസ്ഥാന ചട്ടകൂടുകളില്ലായിരുന്നു. ഒരു വോട്ടിംഗ് മെഷീനില്‍ ബട്ടണ്‍ അമര്‍ത്തുന്നതോടെ തീരുന്ന പ്രക്രിയയല്ല വോട്ടിംഗ്. അത്, രാജ്യം ശരിയായ ചട്ടകൂടിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ഉറപ്പുവരുത്തലാണ്. കളങ്കമറ്റ ജുഡീഷ്യറി ഉണ്ടാവലാണ്. നിരന്തരം ചര്‍ച്ച നടക്കുന്ന പാര്‍ലമെന്‍റ് ഉണ്ടാവലാണ്' - അദ്ദേഹം പറഞ്ഞു.
ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്ന സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ഉദ്ദരിച്ചുകൊണ്ട് രാഹുല്‍ നടത്തിയ പ്രതികരണങ്ങള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് രാഹുലിന്‍റെ ഇന്നലത്തെ ട്വീറ്റ്. 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയില്‍ രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതായെന്നാണ് ജനാധിപത്യ ഇന്‍ഡക്‌സ് പ്രധാനമായും വിലയിരുത്തുന്നത്. അതുകൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് 'തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ' രാജ്യത്തിലേക്ക് ഇന്ത്യയെ തരം താഴ്ത്തുകയും ചെയ്തിരുന്നു.