കേരള കോണ്‍ഗ്രസ് പി. സി. തോമസ് വിഭാഗവും പി. ജെ. ജോസഫ് വിഭാഗവും ഒന്നിക്കുന്നതിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി. എന്‍ഡിഎയുടെ ഭാഗമായ പാര്‍ട്ടിയിലാണ് ജോസഫ് ലയിച്ചതെന്നും ഈ നീക്കം ബിജെപിയിലേക്കുള്ള പാലമാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസഫ് എന്‍ഡിഎയുടെ ഭാഗമായിരുന്ന പാര്‍ട്ടിയില്‍ ചേരുന്നതിന്റെ പിന്നിലെ രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും എന്‍ഡിഎ നിലപാടാണോ പിന്തുടരുന്നതെന്ന് ജോസഫ് വ്യക്തമാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. അവരുടേത് ലയനമല്ല. അവസരവാദ നീക്കുപോക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി. സി. തോമസ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ വിട്ടിരുന്നു. പി. ജെ. ജോസഫിന് ചിഹ്നം നഷ്ടപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കുന്നത്. അതോടെ 'കേരള കോണ്‍ഗ്രസ്' എന്ന ഔദ്യോഗിക പേരും ചിഹ്നവും ജോസഫിന് ലഭിക്കും. പിസി തോമസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മത്സരിച്ചിരുന്നു. ഇത്തവണ ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മുന്നണി വിട്ടത്.
എന്നാല്‍, യുഡിഎഫിന്റെ ഭാഗമായ ജോസഫ് എന്‍ഡിഎയുടെ ഭാഗമായിരുന്ന പാര്‍ട്ടിയില്‍ ചേരുന്നതിന്റെ പിന്നിലെ രാഷ്ട്രീയം ജനം തിരിച്ചറിയുമെന്ന് ജോസ് കെ. മാണി പറയുന്നു. ഇത് അവസരവാദപരമായ നീക്കുപോക്കാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജോസഫ് വിഭാഗത്തിന് പാര്‍ട്ടിയുമില്ല, ചിഹ്നവുമില്ല. അവരുടേത് ഒരാള്‍ക്കൂട്ടമാണ്. ജയിക്കുന്നവര്‍ക്ക് എന്തു നിലപാട് വേണമെങ്കിലും എടുക്കാമെന്നും ജോസ് അഭിപ്രായപ്പെട്ടു.