കോഴിക്കോട് ജില്ലയിലെ എല്ലൂത്തൂർ സീറ്റിൽ യു വി ദിനേശ് മണി കോൺഗ്രസ് വിമത സ്ഥാനാർത്ഥിയാകും. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് ദിനേശ് മണി. എലത്തൂർ സീറ്റ് മാണി സി കാപ്പന്റെ പുതിയ പാർട്ടിയായ എൻസികെക്ക് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എൻസികെ ക്ക് സീറ്റ് നൽകുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം കനത്ത എതിർപ്പ് ഉയർത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് ഡിസിസി ഓഫീസിന് മുമ്പിൽ ധർണ നടത്തിയിരുന്നു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചതിനെ തുടർന്നാണ് വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. എൻസികെയുടെ സ്ഥാനാർത്ഥിയായി സുൽഫിക്കർ മയൂരിയെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലവുമായി യാതൊരു ബന്ധവും ഇല്ലാത്ത സ്ഥാനാർഥിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് കോൺഗ്രസ് പ്രവർത്തകർ അഭിപ്രായപ്പെട്ടു. എലത്തൂർ സീറ്റ് കോൺഗ്രസിന് തിരികെ നൽകില്ലെന്ന് മാണി സി കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു.എൽഡിഎഫിന് ഏറെ മുൻതൂക്കമുള്ള മണ്ഡലമാണ് എലത്തൂർ.