ചെന്നൈ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിംഗ് റാവത്തിന്റെ 'കീറിയ ജീന്‍സ്' പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് നടന്‍ സത്യരാജിന്റെ മകള്‍ ദിവ്യ സത്യരാജ്. കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്തു മൂല്യങ്ങളാണ് പകര്‍ന്നുനല്‍കുന്നതെന്ന തിരാഥ് സിംഗിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. 'മിസ്റ്റര്‍ തിരാഥ് സിംഗ് റാവത്ത്, ഞങ്ങള്‍ എന്ത് ധരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം, ഞാന്‍ കീറിയ ജീന്‍സ് ധരിക്കും'- ദിവ്യ പറഞ്ഞു.
ജീന്‍സും ഷോര്‍ട്ട്‌സും ധരിച്ചുളള തന്റെ ചിത്രങ്ങളും ദിവ്യ പോസ്റ്റ് ചെയ്തു. ഒരു രാഷ്ട്രീയ നേതാവായതിനാല്‍ ഷോര്‍ട്ട്‌സും ജീന്‍സും ധരിച്ചുകൊണ്ടുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും തന്റെ വ്യക്തിത്വം മറച്ചുവച്ചുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാവില്ലെന്ന് ദിവ്യ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മീഷന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. ഒരിക്കല്‍ താന്‍ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ മുട്ടുവരെ കീറിയ ജീന്‍സും ബൂട്ടുമിട്ട് രണ്ട് കുട്ടികളെയും കൊണ്ട് വരുന്ന ഒരു സ്ത്രീയെ കണ്ടു, ഒരു സന്നത സംഘടന നടത്തുന്ന സ്ത്രീയായിരുന്നു അവര്‍, സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന അവര്‍ പക്ഷേ കാല്‍മുട്ട് വരെ കാണുന്ന കീറിയ ജീന്‍സാണ് ധരിച്ചിരുന്നത്. എന്ത് മൂല്യങ്ങളാണ് അവര്‍ സമൂഹത്തിന് നല്‍കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
തിരാഥ് സിംഗ് റാവത്തിന്റെ പരാമര്‍ശത്തിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്. കീറിയ ജീന്‍സ് ധരിച്ചുകൊണ്ടുളള ചിത്രങ്ങളും #RippedJeans എന്ന ഹാഷ്ടാഗിനോടുമൊപ്പമാണ് പലരും പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മോഹന്‍ ഭാഗവത് എന്നിവരുടെ ആര്‍എസ്എസ് യൂണിഫോമായ കാക്കി ട്രൗസറിട്ട ഫോട്ടോകളാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.