കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ടിഎംസി നേതാവ് ഡെറക് ഒബ്രെന്. ബംഗാളിനെ വഞ്ചിക്കുന്ന സുവേന്ദുവിനെ അദ്ദേഹത്തിന്റെ മണ്ഡലമായ നന്ദിഗ്രാമില്‍ വച്ചുതന്നെ ബംഗാളിന്റെ മകള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെത്തിയ ബിജെപിയുടെ ടൂറിസ്റ്റ് സംഘം അവര്‍ക്കു കഴിയുന്നതെല്ലാം ചെയ്ത് ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഡെറക് ഒബ്രെന് കൂട്ടിച്ചേര്‍ത്തു.
മമത ബാനര്‍ജിയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് പോയിരുന്നു. നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ നിന്നാണ് മത്സരിക്കുകയെന്ന് മമതയും പ്രഖ്യാപിച്ചു. അതോടെ മമതയുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണ്ണയിക്കുന്ന പോരാട്ട കേന്ദ്രമായി നന്ദിഗ്രാം മാറി. പശ്ചിമബംഗാള്‍ ബിജെപി നേതാവ് ദിലീഷ് ഘോഷിന്റെ വിവാദ ബര്‍മൂഡ പരാമര്‍ശത്തെയും വിമര്‍ശിച്ച ഡെറക് ഒബ്രെന്, ബംഗാളിലെ സ്ത്രീകള്‍ അവരാഗ്രഹിക്കുന്ന രീതിയില്‍ സാരി ഉടുക്കുന്നതു തുടരുമെന്നും പറഞ്ഞു.
അതേസമയം പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം 6.30നാണ് അവസാനിക്കുക. മുപ്പത് സീറ്റുകളിലായി 191 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.