സേലം: എ.ഐ.എ.ഡി.എം.കെ ആര്‍എസ്എസിന്റെ മുഖം മൂടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണ്, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ബിജെപിക്കുമുന്നില്‍ കീഴടങ്ങിയ നേതാവാണെന്നും രാഹുല്‍ പറഞ്ഞു. തമിഴ്‌നാട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണത്തിനിടെ സേലത്ത് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് നമ്മള്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്, മാസ്‌ക് ധരിക്കുമ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എ.ഐ.എ.ഡി.എം.കെയെക്കുറിച്ചും നാം മനസിലാക്കേണ്ടത് ഇതാണ്. ഇത് നിങ്ങളുടെ പഴയ എ.ഐ.എ.ഡി.എം.കെയല്ല. മുഖംമൂടി വച്ച എ.ഐ.എ.ഡി.എം.കെയാണ് നിങ്ങളുടെ മുന്നിലുളളത്. ആ മുഖം മൂടി മാറ്റിയാല്‍ നിങ്ങള്‍ക്ക് എ.ഐ.എ.ഡി.എം.കെ എന്ന പാര്‍ട്ടിയേയല്ല ആര്‍എസ്എസിനെയും ബിജെപിയെയുമാണ്കാണാനാവുക. പഴയ എ.ഐ.എ.ഡി.എം.കെയുടെ കഥ കഴിഞ്ഞെന്നും രാഹുല്‍ പറഞ്ഞു.
എല്ലാ അധികാരങ്ങളും ബിജെപിക്ക് നല്‍കിയ പാര്‍ട്ടിയാണ് ഇന്ന് തമിഴ്‌നാട് ഭരിക്കുന്നത്, അവരുമായി ഇടപെടുമ്പോള്‍ തമിഴ് ജനത സൂക്ഷിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും മുന്നില്‍ തല കുനിച്ചുനില്‍ക്കുന്നത് അദ്ദേഹം അഴിമതിക്കാരനായതുകൊണ്ടാണ്. നേരായ വഴിയില്‍ സഞ്ചരിക്കുന്നവര്‍ ഒരിക്കലും അവരുടെ മുന്നില്‍ തല കുനിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.