ശ്രീനഗര്‍: പാസ്പോര്‍ട്ട് നിഷേധിച്ച വിദേശകാര്യമന്ത്രാലയത്തിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മെഹബൂബ മുഫ്തി രംഗത്ത്. ജമ്മുകശ്മീര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഫ്തിക്ക് പാസ്പോര്‍ട്ട് നിഷേധിച്ചത്.
"ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയുളള സിഐഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പാസ്പോര്‍ട്ട് നല്കാന് പാസ്പോര്‍ട്ട് ഓഫീസ് വിസമ്മതിച്ചിരിക്കുകയാണ്. ഒരു മുന്‍ മുഖ്യമന്ത്രി പാസ്പോര്‍ട്ട് കൈവശം വയ്ക്കുക എന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണത്രേ. 2019 ഓഗസ്റ്റ് മുതല്‍ കശ്മീര്‍ കൈവരിച്ച സാധാരണ നിലയാണിത്" - മെഹബൂബ ട്വീറ്റ് ചെയ്തു.
ബിജെപി നേതൃത്വത്തിലുളള സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം മെഹബൂബ ആരോപിച്ചിരുന്നു. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ കേന്ദ്രസര്‍ക്കാര്‍, കശ്മീരിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം മെഹബൂബ മുഫ്തിയെയും തടങ്കലിലാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മുഫ്തി തടങ്കലില്‍ നിന്നും മോചിതയാവുന്നത്.