ഗാന്ധിനഗര്‍: ഗുജറാത്തില്‍ 'ലവ് ജിഹാദ്' (മതപരിവര്‍ത്തന നിരോധന നിയമം) പാസാക്കി. ഇതനുസരിച്ച് വിവാഹത്തിനായി മത പരിവര്‍ത്തനം നടത്തിയാല്‍ 10 വര്‍ഷം വരെ തടവും, അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ബലപ്രയോഗത്തിലുടെയോ, പ്രലോഭനത്തിലുടെയോ മതപരിവര്‍ത്തനം നടത്തുന്നത് തടയാനെന്ന പേരില്‍ 2013 - ല്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഈ നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം പാസ്സാക്കിയത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും, മധ്യപ്രദേശിലും ഈ നിയമം സംസ്ഥാന സര്‍ക്കാരുകള്‍ പാസ്സാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗുജറാത്തും ഇപ്പോള്‍ ലവ് ജിഹാദ് നിയമം നടപ്പാക്കിയിരിക്കുന്നത്.
പുതിയ ഭേദഗതി അനുസരിച്ച് വിവാഹം കഴിച്ച് മത പരിവര്‍ത്തനം നടത്തുക, രണ്ടു മതവിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തിന് സഹായിക്കുക, എന്നിവ 3 മുതല്‍ 10 വരെ വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. ദലിത്, ആദിവാസി വിഭാഗങ്ങളിലുള്ള സ്ത്രീകളെ വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചാല്‍ കുറ്റവാളിക്ക് 3 മുതല്‍ 7 വര്‍ഷം വരെ തടവും 3 ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കും.
ഈ നിയമത്തിന് പിന്നില്‍ ബിജെപിയുടെ വര്‍ഗീയ അജണ്ടയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ വിവാഹം കഴിക്കുന്നതിനെതിരിലാണ് ഇങ്ങനെയൊരു നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത് എന്ന് കോണ്‍ഗ്രസ് എംഎല്‍എ ജിയാസുദിന്‍ ശൈഖ് നിയമസഭയില്‍ ആരോപിച്ചു.