തിരുവനന്തപുരം: സ്ത്രീ മുന്നേറ്റം ലക്ഷ്യം വച്ച് വനിത ശിശു വികസന വകുപ്പ് നടത്തുന്ന 'ഇനി വേണ്ട വിട്ട് വീഴ്ച്ച' ക്യാംപെയിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സ്ത്രീ ആയതുകൊണ്ട് മാത്രം ആരോടും, ഒന്നിനോടും വിട്ട് വീഴ്ച്ച വേണ്ട എന്നതാണ് ഇത്തരത്തിലുള്ള ക്യാംപെയിന്‍ കൊണ്ട് വനിത ശിശു വികസന വകുപ്പ് ഉദ്ദേശിക്കുന്നത്.
അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്, ഇത് അംഗീകരിക്കാത്തവരോട് ഇനി വിട്ടുവീഴ്ച്ച വേണ്ടന്നാണ് ഫേസ്ബുക്കിലൂടെ വനിത,ശിശു വികസന വകുപ്പ് പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നത്. പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സാമുഹിക മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്.
"ഗര്‍ഭിണിക്ക്, അവര്‍ വിവാഹിതയായാലും, അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍ നിര്‍ത്തി ഗര്‍ഭഛിദ്രം ചെയ്യാന്‍ സ്ത്രീ അവിശ്യപെട്ടാല്‍ ഡോക്ടര്‍മാര്‍ അത് ചെയ്ത് കൊടുക്കണം. ഇത് സ്ത്രീകളുടെ അവകാശമാണ്" വനിത, ശിശു വികസന വകുപ്പ് വ്യകതമാക്കി.
സ്ത്രീ ആയതുകൊണ്ട് മാത്രം ഒന്നിനോടും വിട്ട് വീഴ്ച്ച ചെയ്യേണ്ടതില്ലെന്നും ഈ ക്യാംപെയിനുകളിലൂടെ വനിത ശിശു വികസന വകുപ്പ് പറഞ്ഞു വെക്കുന്നുണ്ട്.