തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി അധ്യക്ഷന്‍ എസ് ഭാസ്കരപ്പിള്ള. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ജനപക്ഷം പാര്‍ട്ടിയില്‍ നിന്നാണ് പിസി ജോര്‍ജ്ജ് മത്സരിക്കുന്നത്. അവസാന ഘട്ട പ്രചരണം നടക്കുന്നതിനിടെയാണ് പിസി ജോര്‍ജ്ജിനെ പുറത്താക്കുന്നതായി പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രഖ്യാപിക്കുന്നത്.
എസ് ഭാസ്കര പിള്ളയാണ് ജനപക്ഷം പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍. റെജി കെ ചെറിയാനാണ് വൈസ് ചെയര്മാന്. ജനറല്‍ സെക്രട്ടറി ജയന് മമ്പുറം, ട്രഷറര്‍ എന്‍ എ നജുമുദ്ദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പിസി ജോര്‍ജ്ജ് പ്രതികരിച്ചിട്ടില്ല.
മാര്‍ച്ചില്‍ ജനപക്ഷം പാര്‍ട്ടി പിളര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ദളിത് ന്യൂന പക്ഷ വിഭാഗങ്ങളെ വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന പിസി ജോര്‍ജജിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകള്‍ പാര്‍ട്ടി വിട്ടത്.