ഡല്‍ഹി: രാജ്യത്തെ 48-മത്തെ ചീഫ് ജസ്റ്റിസായി എന്‍വി രമണയെ നിയമിച്ചു. പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് രമണയെ അടുത്ത ചീഫ് ജസ്റ്റിസായി പ്രഖ്യാപിച്ചത്. ഏപ്രില്‍ 24-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. 2022 ഓഗസ്റ്റ് 26 വരെയായിരിക്കും രമണയുടെ കാലാവധി. നിലവിലെ ചീഫ് ജസ്റ്റിസായ എസ്എ ബോബ്ഡെ എന്‍വി രമണയെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
ആന്ധ്രപ്രദേശിലെ പൊന്നാവരം ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് എന്‍വി രമണ ജനിച്ചത്. ആന്ധ്രയില്‍ നിന്നുളള രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് എന്‍വി രമണ. 1966 മുതല്‍ 67 വരെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ. സുബ്ബറാവുവാണ് ആന്ധ്രയില്‍ നിന്നുളള ആദ്യത്തെ ചീഫ് ജസ്റ്റിസ്.
2000-ലാണ് ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി എന്‍വി രമണയെ നിയമിച്ചത്. 2014-ല്‍ അദ്ദേഹത്തിന് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്കി. അഭിഭാഷകന് എന്ന നിലയില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി, സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എന്‍വി രമണ സേവനമനുഷ്ടിച്ചിട്ടുണ്ട്.