കണ്ണൂരിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. കേസില്‍ പൊലീസ് ഏകപക്ഷീയമായ രീതിയിലാണ് ഇടപെടുന്നതെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്. കൊലപാതകികളുടെ നേതാക്കളാണ് യോഗത്തിലിരിക്കുന്നതെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. ഇത്തരം ആളുകളുമായി ചര്‍ച്ചയ്ക്കില്ലെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
സിപിഐഎമ്മാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന് വ്യക്തമായി അറിയാം. കേസിലെ യാഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ അവര്‍ തയ്യാറാകുന്നില്ല. പൊലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. യോഗത്തിനെത്തിയത് കൊലപാതകികളുടെ നേതാക്കളാണെന്നും അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും പറഞ്ഞുകൊണ്ടാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്.
പാനൂരിൽ ഇന്നലെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് നിരവധി ലീഗ് പ്രവർത്തകരെ പൊലീസ് വേട്ടയാടി. പത്താം ക്ലാസ് വിദ്യാർത്ഥിയെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാതാപിതാക്കൾ പൊലീസിനെ സമീപിച്ചെങ്കിലും വിട്ടയക്കാൻ തയ്യാറായില്ല. വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ലീഗ് നേതാക്കളെ പൊലീസ് മർദിച്ചെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇന്നു മുതൽ ശക്തമായ സമരം നടത്താനാണ് യുഡിഎഫ് പ്രവർത്തകരുടെ തീരുമാനം.
അതേസമയം, സിപിഐഎം ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ 21 മുസ്ലീംലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 20ഓളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. രാവിലെ പെരിങ്ങത്തൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ച പാര്‍ട്ടി ഓഫീസുകള്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനും സന്ദര്‍ശിച്ചിരുന്നു. പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്നാണ് പാര്‍ട്ടി അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജില്ലാ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.