വിദ്വേഷ പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി വൈറൽ ഡാൻസേർസ് ആയ നവീനും ജാനകിയും. വളരെ കുറച്ച് പേർ മാത്രമാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ഭൂരിപക്ഷവും കാര്യങ്ങളെ പോസ്റ്റിറ്റീവ് ആയാണ് കാണുന്നതെന്നും നവീനും ജാനകിയും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരം വിവാദങ്ങളൊന്നും ഞങ്ങൾ കാര്യമായി മൈൻഡ് ചെയ്യാറില്ല. പറയുന്നവർ പറയട്ടെ. നമ്മൾ നല്ല സുഹൃത്തുക്കളാണ്. തുടർന്നും ഒരുമിച്ച് ഡാൻസ് ചെയ്യുമെന്നും ഇരുവരും പറഞ്ഞു.
ആരോപണങ്ങള്‍ക്കുള്ള ചുട്ട മറുപടിയെന്നോണം ഇരുവരും വീണ്ടും ഒരുമിച്ച് ഡാന്‍സ് ചെയ്യുകയും ചെയ്തു. ക്ലബ് എഫ് എം ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അത്. ഒന്നിച്ചു ഭക്ഷണം കഴിക്കുവാൻ പോകാറുണ്ട്. അപ്പോൾ ഒന്നിച്ച് ഡാൻസ് കളിച്ചു. അത്രമാത്രം. ഇനിയും നമ്മൾ ഒന്നിച്ച് തന്നെ ഡാൻസ് ചെയ്യും നവീനും ജാനകിയും പറഞ്ഞു.
മുപ്പത് സെക്കൻഡ് ഡാൻസ് വീഡിയോയിലൂടെയാണ് നവീന്‍ റസാക്കും ജാനകി ഓംകുമാറും സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. എന്നാൽ ചിലർ ഇരുവരുടെയും പേരുകൾ ചൂണ്ടിക്കാണിച്ച് വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. കൃഷ്ണ രാജ് എന്ന വക്കീലായിരുന്നു ഇരുവർക്കുമെതിരെ ലവ് ജിഹാദ് ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. തുടർന്ന് വിഷയം വലിയ ചർച്ചയാവുകയും പ്രമുഖർ അടക്കം നവീനിനെയും ജാനകിയേയും പിന്തുണച്ചുക്കൊണ്ട് രംഗത്ത് വരികയും ചെയ്തു.
സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന സാമൂഹിക വിരുദ്ധരാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നും ട്രെയിനിന്റെ കക്കൂസിന്റെ അകത്ത് തെറി എഴുതിവെക്കുന്ന മാനസിക രോഗികളെ എങ്ങനെ അവഗണിക്കുന്നുവോ അതുപോലെ അവഗണിക്കേണ്ടവരാണ് ഇത്തരക്കാരെന്നും മന്ത്രി വി. എസ്. സുനില്‍ കുമാര്‍ പ്രതികരിച്ചു.
തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കോളേജിന്റെ കോറിഡോറിൽ വെച്ച് കളിച്ച 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്. എന്നാൽ, ഇതിനെതിരെ കഴിഞ്ഞ ദിവസം ലവ് ജിഹാദ് ആരോപണം ഉയരുകയായിരുന്നു. വിദ്വേഷപ്രതികരണവുമായി അഭിഭാഷകന്‍ കൃഷ്ണരാജായിരുന്നു'എന്തോ ഒരു പന്തികേട് മണക്കുന്നു' - എന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.