ഡല്‍ഹി: രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാവേണ്ടതുണ്ട്, അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ് എന്ന് ചീഫ്ജസ്റ്റിസ് എസ്. എ. ബോബ്ഡെ പറഞ്ഞു. കൂടുതല്‍ വനിതാ ജഡ്ജിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വനിതാ അഭിഭാഷകരുടെ വാദം കേള്‍ക്കവെയാണ് ചീഫ്ജസ്റ്റിസിന്‍റെ പരാമര്‍ശം. ജുഡീഷ്യറിയില്‍ നിലവില്‍ വെറും 11% സ്ത്രീകള്‍ മാത്രമേയുള്ളൂവെന്നും കൂടുതല്‍ പേരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടൂകൊണ്ട് വനിതാ അഭിഭാഷകരുടെ സംഘടനയെ പ്രതിനിധീകരിച്ച് സ്നേഹ ഖലിത, ശോഭാ ഗുപ്ത തുടങ്ങിയവരാണ് കോടതിയില്‍ വനിതാ പ്രാതിനിധ്യം സംബന്ധിച്ച ആവശ്യം ഉന്നയിച്ചത്.
കേരളമുള്‍പ്പെടെ രാജ്യത്ത് ആകെയുള്ള 25 ഹൈക്കോടതികളില്‍ 73 വനിതാ ജഡ്ജിമാരാണ് ഉള്ളത്. തെലങ്കാനാ ഹൈക്കോടതിയില്‍ മാത്രമാണ് വനിതാ ചീഫ്ജസ്റ്റിസ് ഉള്ളത്.
എന്നാല്‍ വനിതകളില്‍ നിന്ന് ജഡ്ജിമാരാകാന്‍ ആളുകളെ ലഭിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ചീഫ്ജസ്റ്റിസ് എസ്. എ. ബോബ്ഡെ വ്യക്തമാക്കി. വനിതാ അഭിഭാഷകര്‍ ജഡ്ജിമാരാകാനുള്ള ക്ഷണം നിരസിക്കുകയാണ്. മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞാണ് സ്ത്രീകള്‍ പിന്മാറുന്നത്. ഹൈക്കോടതി ജഡ്ജിമാര്‍ ഇക്കാര്യം തന്നോട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൈക്കോടതി കൊളീജിയങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട് - ചീഫ്ജസ്റ്റിസ് പറഞ്ഞു.