LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡോ. വി. ശിവദാസനും ബ്രിട്ടാസും അബ്ദുള്‍ വഹാബും രാജ്യസഭാ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ച് മുന്നണികളില്‍ തീരുമാനമായി. എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായി സിപിഎമ്മില്‍ നിന്നുള്ള ഡോ. വി. ശിവദാസനും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്  എന്നിവരാണ് മത്സരിക്കുക. യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി നിലവില്‍ കാലാവധി പൂര്‍ത്തിയാക്കിയ രാജ്യസഭാംഗം മുസ്ലീം ലീഗ് പ്രതിനിധി പി. വി അബ്ദുള്‍ വഹാബ് തന്നെയാണ്. വഹാബ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമുണ്ടായത്. വൈകീട്ട് നടക്കുന്ന എല്‍ ഡി എഫ് യോഗം സിപിഎം തീരുമാനത്തിന് അംഗീകാരം നല്‍കും. ഡോ. വി. ശിവദാസന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം നേതാവാണ്‌. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരുന്ന ശിവദാസന്‍ നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്. കണ്ണൂര്‍ ജില്ലക്കാരനായ ശിവദാസന്‍ ഗവേഷണ ബിരുദധാരിയാണ്.

ജോണ്‍ ബ്രിട്ടാസ് കൈരളി ടി വിയുടെ മാനേജിംങ്ങ് ഡയറക്ടറാണ്. അറിയപ്പെടുന്ന അഭിമുഖകാരനും വാര്‍ത്താവതാരകനും മാധ്യമ പ്രവര്‍ത്തകനുമായ ബ്രിട്ടാസ് ദേശാഭിമാനിയുടേയും കൈരളി ടി വിയുടേയും ഡല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. 

പ്രവാസി വ്യവസായിയും വ്യാപാര പ്രമുഖനുമായ പി വി അബ്ദുള്‍ വഹാബ് ഇത് മൂന്നാം തവണയാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. വയലാര്‍ രവി, കെ.കെ. രാഗേഷ്, പി വി അബ്ദുള്‍ വഹാബ് എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. ഈ മാസം 21-നാണ് ഇവരുടെ കാലാവധി അവസാനിക്കുന്നത്. ഈ മാസം 30 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. 




Contact the author

Web Desk