കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ 7-ാം ഘട്ട പോളിംഗ് രാവിലെ 7 മണിക്ക് ആരംഭിച്ചു. കോണ്‍ഗ്രസ് -സിപിഎം സംയുക്ത മുന്നണിക്ക് മുന്‍ തൂക്കമുള്ള മുര്‍ഷിദാബാദ് കൂടാതെ കൊല്‍ക്കത്ത, പശ്ചിം ബര്ധമാന്‍, മാള്‍ഡ, ദക്ഷിണ്‍ ദിനാജ്പൂര്‍ തുടങ്ങിയ ജില്ലകളിലായി 34 മണ്ഡലങ്ങളിലാണ് തെരെഞ്ഞെടുപ്പ്.
സംയുക്ത മുന്നണി സ്ഥാനാര്‍ഥിയായി വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷ് ജാമുരിയ മണ്ഡലത്തിലും 10-ാം തവണ ജനവിധി തേടുന്ന പ്രമുഖ നേതാവ് സുബ്രതാ മുഖര്‍ജി ബാലിഗഞ്ചിലും മന്ത്രിമാരായ ഫര്‍ഹാദ് ഹക്കീം കൊല്‍ക്കൊത്ത ബന്ദറിലും മോളോയ് ഘട്ടക് അസന്‍സോളിലും ശോഭന്‍ ദേബ് ചാറ്റര്‍ജി ഭാവാനിപ്പൂരിലും ജനവിധി തേടുന്നുണ്ട്. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് പോളിംഗ് നടക്കുന്നത്.
ഭരണത്തുടര്‍ച്ചക്ക് ഇന്ന് തെരെഞ്ഞെടുപ്പ് നടക്കുന്ന ന്യൂനപക്ഷ മേഖലകളിലെ വിജയം മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അനിവാര്യമാണെന്നാണ് കരുതപ്പെടുന്നത്. മുര്‍ഷിദാബാദ്, മാള്‍ഡ, നോര്‍ത്ത് ദില്നാപ്പൂര്‍, സൌത്ത് ദില്നാപ്പൂര്‍ പോലുള്ള മേഖലകളില്‍ പ്രധാനമായും കോണ്‍ഗ്രസ് -സിപിഎം സംയുക്ത മുന്നണിയും തൃണമുല്‍ കോണ്‍ഗ്രസ്സും തമ്മിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളിലെ 49 മണ്ഡലങ്ങളില്‍ 26 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്സാണ് ഒന്നാമതെത്തിയത്. തൃണമുല്‍ കോണ്‍ഗ്രസ് 11 സീറ്റുകളും സിപിഎം 10 സീറ്റുകളുമാണ് നേടിയത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് -സിപിഎം സംയുക്ത മുന്നണി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ജില്ലകളാണിത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊവിഡ് ബാധിച്ച് ഖര്‍ദ നിയമസഭാ മണ്ഡലത്തിലെ തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാജല്‍ സിന്‍ഹ മരണപ്പെട്ടു. തൊട്ട് മുന്‍ ദിവസങ്ങളില്‍ ജന്കിപ്പൂര്‍, സാംശേര്‍ഗഞ്ച് എന്നീ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് -സിപിഎം സംയുക്ത മുന്നണി സ്ഥാനാര്‍ഥിള്‍ മരണപ്പെട്ടിരുന്നു. ഈ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം അടുത്തമാസം 16 ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.