ഭുവനേശ്വര്‍: കേരളത്തിനും, വാക്സിന് സൌജന്യമായി നല്കാന് തീരുമാനിച്ച മറ്റ് സംസ്ഥാനങ്ങള്‍ക്കും പിറകെ സൌജന്യ കൊവിഡ് വാക്സിന് നല്‍കും എന്ന വാഗ്ദാനവുമായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായികും രംഗത്തുവന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന് സൌജന്യമായിരിക്കുമെന്നും ഇതിനായി 2000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി അനുവദിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 18 മുതല്‍ 45 വയസ്സുവരെ പ്രായമുള്ള 2 കോടിയോളം ആളുകളാണ് സംസ്ഥാനത്തുള്ളത്. ഈ വിഭാഗത്തിലുള്ള എല്ലാവര്ക്കും വാക്സിന് സൌജന്യമായിരിക്കും.
കൊവിഡ് വാക്സിന് സൌജന്യമായി നല്‍കും എന്ന വാഗ്ദാനം പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം വിവിധ സംസ്ഥാന ഭരണ നേതൃത്വങ്ങളില്‍ നിന്ന് ഉയരുകയാണ്. ഇതിനിടയിലാണ് 18 വയസ്സുമുതല്‍ 45 വരെ പ്രായമുള്ളവര്‍ സ്വന്തം പണം നല്കി വാക്സിനേഷന് നടത്തണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നത്. ഇതിനോടുള്ള പ്രതിഷേധം സംസ്ഥാനങ്ങളില്‍ വ്യാപകമാകുകയാണ്.
സൌജന്യ വാക്സിന് വാഗ്ദാനം നല്കിയ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം രണ്ടു കോടിയിലധികം രൂപ വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത കാമ്പയിനിന്റെ ഭാഗമായാണ് ഇത് നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് നയത്തെ തള്ളിക്കൊണ്ട് സൌജന്യ വാക്സിന് വാഗ്ദാനവുമായി പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, രാജസ്ഥാന്, ഗോവ, ജാര്‍ഖണ്ട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, അസം, സിക്കിം, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും രംഗത്തുവന്നിട്ടുണ്ട്.