തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. ഓക്സിജൻ ഉത്പാദനത്തിനായാണ് പ്ലാന്റ് തുറക്കാൻ അനുമതി നൽകിയത്. 1050 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് വേദാന്ത ഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം പ്രതിഷേധം ഭയന്ന് തമിഴ്നാട് അനുമതി നല്‍കുന്നില്ലെന്നും വേദാന്ത സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തുടർന്ന് പ്ലാന്‍റ് തുറക്കുന്നതിൽ എതിർപ്പില്ലെന്ന് തമിഴ്നാട് സര്‍ക്കാർ സൂപ്രീം കോടതിയെ അറിയിച്ചു. അഞ്ചംഗ മേല്‍നോട്ട സമിതിയുടെ നേതൃത്വത്തിലായിരിക്കും പ്ലാന്‍റ് തുറക്കുക.
2018-ലാണ് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്‍റ് അടച്ചുപൂട്ടിയത്. പാരിസ്ഥിതിക പ്രശ്നത്തെ തുടർന്ന് നാട്ടുകാർ പ്ലാന്റിനെതിരെ സമരം ചെയ്തിരുന്നു. സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം കൊവിഡിന്‍റെ മറവില്‍ പ്ലാന്‍റ് തുറക്കാനുള്ള നീക്കത്തിൽ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരസമതി പ്രതിഷേധിച്ചു. പ്ലാന്റ് തുറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ പൊലീസ് കനത്തസുരക്ഷ ഏർപ്പെടുത്തി.