മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മലപ്പുറം ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ വി. വി. പ്രകാശ് അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ രാത്രിയോടെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. മെയ് 2 ന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ അപ്രതീക്ഷിതമായുണ്ടായ നിലമ്പൂരിലെ സ്ഥാനാര്‍ഥിയുടെ മരണം പാര്‍ട്ടി ഭേദമന്യേ ജനങ്ങളെ ദു:ഖത്തിലാഴ്ത്തി. വി. വി. പ്രകാശിന്‍റെ മൃതദേഹം ഇന്ന് രാവിലെ 8.30 മുതല്‍ മലപ്പുറം കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകീട്ട് 3 മണിയോടെ എടക്കര പാലുണ്ട ശ്മശാനത്തില്‍ സംസ്കാരം നടക്കും.
ആര്യാടന്‍ മുഹമ്മദിനുപിന്നാലെ മലപ്പുറം ജില്ലയില്‍ ഉയര്‍ന്നുവന്ന ഏറ്റവും ശ്രദ്ധേയരായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് വി. വി. പ്രകാശ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ പ്രകാശ് കെ എസ് യു വിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മലപ്പുറം ഡി സി സി പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് ജില്ലയില്‍ ഏറ്റവും അടുത്ത ഹൃദയബന്ധമുള്ള നേതാവായിരുന്നു പ്രകാശ്. ആര്യാടന്‍ മുഹമ്മദിന്‍റെ നിര്‍ബന്ധമാണ് പ്രകാശിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഇതേതുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍റെ താല്‍ക്കാലിക ചുമതല ആര്യാടന്‍ ഷൌക്കത്തിന് നല്‍കിയാണ് വി വി പ്രകാശ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം എല്‍ എയുമായ പി. വി. അന്‍വറിനെതിരെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായത്.
എടക്കര ഗ്രാമപഞ്ചായത്ത് അംഗം എന്ന നിലയില്‍ പാര്‍ലമെന്‍ററി പ്രവര്‍ത്തന രംഗത്തെത്തിയ വി. വി. പ്രകാശ് കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗവും ഫിലിം സെന്‍സര്‍ ബോര്‍ഡംഗവുമായിരുന്നു. എഫ് സി ഐ അഡ്വൈസറി ബോര്‍ഡംഗം, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എടക്കര കുന്നുമ്മല്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും സരോജിനിയമ്മയുടെയും മകനാണ്. എടക്കര ഗവണ്മെന്‍റ് ഹൈസ്കൂള്‍, ചുങ്കത്തറ എം പി എം ഹൈസ്കൂള്‍, മമ്പാട് എം ഇ എസ് കോളേജ്, മഞ്ചേരി എന്‍ എസ് എസ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. സ്മിതയാണ് ഭാര്യ, പ്ലസ് ടു വിദ്യാര്‍ത്ഥിയായ നന്ദന, നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിള എന്നിവര്‍ മക്കളാണ്.