മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി. വി. പ്രകാശിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. പ്രകാശ് ജിയുടെ അകാല നിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിന്റെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരംഗമെന്ന നിലയില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടും. ജനങ്ങള്‍ക്ക് സഹായം നല്‍കാന്‍ എപ്പോഴും തയാറായിരുന്നു അദ്ദേഹം. പ്രകാശിന്റെ കുടുംബത്തോട് ഹൃദയത്തില്‍ നിന്നുള്ള അനുശോചനം രേഖപ്പെടുത്തുന്നു.- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വി. വി. പ്രകാശിന്റെ അന്ത്യം. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ രാത്രിയോടെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ആര്യാടന്‍ മുഹമ്മദിനുപിന്നാലെ മലപ്പുറം ജില്ലയില്‍ ഉയര്‍ന്നുവന്ന ഏറ്റവും ശ്രദ്ധേയരായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് വി. വി. പ്രകാശ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ പ്രകാശ് കെ എസ് യു വിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മലപ്പുറം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് ജില്ലയില്‍ ഏറ്റവും അടുത്ത ഹൃദയബന്ധമുള്ള നേതാവായിരുന്നു പ്രകാശ്. ആര്യാടന്‍ മുഹമ്മദിന്‍റെ നിര്‍ബന്ധമാണ് പ്രകാശിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഇതേതുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍റെ താല്‍ക്കാലിക ചുമതല ആര്യാടന്‍ ഷൌക്കത്തിന് നല്‍കിയാണ് വി. വി. പ്രകാശ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം എല്‍ എയുമായ പി. വി. അന്‍വറിനെതിരെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായത്.